ജമ്മു കശ്‌മീരിനെ സംബന്ധിച്ച സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളിൽ ഗുരുതരപ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ കരാർ ഒപ്പിട്ടശേഷം ജമ്മു കശ്‌മീരിന് പരമാധികാരമില്ലെന്നും പ്രത്യേക ഭരണഘടനാ പദവി ആവശ്യമില്ലെന്നും വിധിയിൽ പറയുന്നു. എന്നാൽ, ലയന ഉടമ്പടി ഒപ്പിട്ടത് ജമ്മു കശ്‌മീരിന് പ്രത്യേക പദവി വ്യവസ്ഥ ചെയ്യുന്ന 370-ാ-ാം വകുപ്പിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ലേ– പിബി പ്രസ്‌താവനയിൽ ചോദിച്ചു.
മറ്റേത് സംസ്ഥാനത്തെയുംപോലെ കണ്ടാണ് 370-ാ-ാം വകുപ്പ് എടുത്തുകളഞ്ഞതെന്ന് വിധിയിലുണ്ട്.എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കടക്കം പ്രത്യേക പദവിയുണ്ട്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയത് ശരിയാണോയെന്ന് കോടതി പരിശോധിക്കുന്നില്ല. സംസ്ഥാന പദവി തിരിച്ചുനൽകുമെന്ന സോളിസിറ്റർ ജനറലിൻ്റെ ഉറപ്പിനെ തുടർന്നാണിത്. എന്നാൽ, ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയത് ശരിവച്ചു. ഇതിലൂടെ സംസ്ഥാനപദവി ലഭിക്കുക പഴയ ജമ്മു കശ്‌മീരിന്റെ ഒരു ഭാഗത്തിനു മാത്രമാണ്.
2024 സെപ്തംബറിനകം തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ ദീർഘകാലം ജമ്മു കശ്‌മീരിൽ അധികാരം കൈയാളാൻ കേന്ദ്രസർക്കാരിനെ അനുവദിച്ചു. രാഷ്ട്രപതി ഭരണത്തിലായിരിക്കെ സംസ്ഥാന പദവി ഇല്ലാതായാൽ, നിയമസഭയുടെ അഭാവത്തിൽ ഗവർണറുടെ സമ്മതം പകരം അനുമതിയായി എടുക്കാമോ. സംസ്ഥാനങ്ങളുടെ പുനഃസംഘടന ബിൽ നിയമസഭയുടെ പരിശോധനയ്ക്കായി രാഷ്ട്രപതി അയക്കണമെന്ന് ഭരണഘടനയുടെ മൂന്നാംവകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്- പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടി.
































