വ്യാജ മദ്യം നിർമിക്കുന്ന ആറംഗസംഘത്തെ എക്സൈസ് പിടികൂടി. അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങോട്ടുകര കരുവാൻകുളം വ്യാജനിർമാണ കേന്ദ്രം റെയ്‌ഡ് ചെയ്ത എക്സൈസ് സംഘം 1072 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട സ്വദേശിയായ ഡോക്ടർ അനൂപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം റസ്റ്റോറന്റിന്റെ മറവിലാണ് വ്യാജമദ്യം ഉണ്ടാക്കിയിരുന്നത്.
അനൂപിനെ കൂടാതെ കോട്ടയം സ്വദേശികളായ കെ.വി. റെജി, റോബിൻ, കൊല്ലം കൊട്ടിയം സ്വദേശി മെൽവിൻ ജെ., തൃശൂർ കല്ലൂർ സ്വദേശി സിറിൾ ടി. മാത്യു, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. അറസ്റ്റിലായ ഡോക്ടർ സിനിമകളിലും അഭിനയിച്ചിരുന്നു. കർണാടകയിൽ നിന്നും സ്‌പിരിറ്റ് എത്തിച്ച് ഇവിടെ നിന്നും മദ്യം ഉണ്ടാക്കി വ്യാജലേബൽ ഒട്ടിച്ച് വിൽപ്പന നടത്താനായിരുന്നു ഇവരുടെ ശ്രമം. ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങളുടെ മറവിൽ വൻലാഭം പ്രതീക്ഷിച്ചാണ് ഇത്തരത്തിൽ ഒരു യൂണിറ്റ് പ്രവർത്തിച്ചത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നു പുലർച്ചെ അഞ്ചുമണിയോടെ നടത്തിയ റെയ്ഡിലാണ് വ്യാജമദ്യം പിടിച്ചെടുത്തത്.
റസ്റ്റോറന്റിന്റെ പിറകുവശത്തുണ്ടായിരുന്ന വിലകൂടിയ രണ്ടു കാറുകളിൽനിന്നാണ് 16 കേസ് വിദേശമദ്യം പിടികൂടിയത്. വ്യാജ സ്റ്റിക്കർ ഒട്ടിച്ചാണ് മദ്യം വിൽപ്പനക്കായി സൂക്ഷിച്ചിരുന്നത്.33 ലിറ്ററിന്റെ 12 കന്നാസുകളിലും 23 ലിറ്ററിൻ്റെ 20 വലിയ പ്ലാസ്റ്റിക് ബോട്ടിലുകളിലും അര ലിറ്ററിന്റെ 432 കുപ്പികളിലുമായിട്ടാണ് മദ്യം സൂക്ഷിച്ചിരുന്നത്. തൃശൂർ എക്സൈസ് കമ്മിഷണർ സ്ക്വാഡ്, തൃശൂർ സർക്കിൾ എക്സൈസ് സ്ക്വാഡ്. ചേർപ്പ് എക്സൈസ് റേഞ്ച് എന്നി സംഘങ്ങളുടെ സംയുക്തനേതൃത്വത്തിലായിരുന്നു റെയ്‌ഡ്. പ്രതികളിൽനിന്ന് വ്യാജ ഐ.ഡി. കാർഡുകളും പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ടെന്നും അറിയുന്നു.































