പാലാരിവട്ടത്ത് മാതാവിനൊപ്പം നടന്നുപോയ കുട്ടിയെ തട്ടിയെടുത്ത് ഓടാൻ ശ്രമം. ലഹരിക്കടിമയായ തമ്മനം പുതിയറോഡ് കിസാൻ കോളനി സ്വദേശി എബിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. പാലാരിവട്ടം ചർച്ച് റോഡിൽ വെള്ളിയാഴ്ച വൈകീട്ട് നാലിനു ശേഷമായിരുന്നു സംഭവം. സ്കൂൾ വിട്ട് മാതാവിനൊപ്പം നടന്നുവന്ന കുട്ടിയെയാണ് ഇയാൾ ബലമായി തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചത്. മാതാവ് ബഹളംവെച്ചതോടെ നാട്ടുകാർ എബിനെ പിടികൂടി കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസ് എടുത്തിട്ടില്ല. എന്നാൽ, മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വെച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
അന്തർസംസ്ഥാന തൊഴിലാളിയായ മാതാവിനൊപ്പം നടന്നുപോയ സ്കൂൾ വിദ്യാർഥിനിയെയും ഇയാൾ ആദ്യം തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചിരുന്നു. മാതാവ് കുട്ടിയുമായി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് രണ്ടാമത്തെ ശ്രമം നടത്തിയത്. പൊലീസ് കേസെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു































