ഓൺലൈൻ മാധ്യമങ്ങൾ തിയറ്ററിലെത്തി സിനിമയെക്കുറിച്ച് അഭിപ്രായമാരായുന്നതും നിരൂപണം നടത്തുന്നതും നിയന്ത്രിക്കണമെന്ന് നിർമാതാക്കളും തിയറ്റർ ഉടമകളും. ഓൺലൈൻ സിനിമാ നിരൂപണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ ബുധനാഴ്ച കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും തിയറ്റർ ഉടമകളും നടത്തിയ യോഗത്തിലാണ് ആവശ്യമുയർന്നത്.
സിനിമാ പ്രമോഷൻ പരിപാടികളിൽ അക്രഡിറ്റേഷനുള്ള ഓൺലൈൻ പ്രൊമോട്ടർമാരെമാത്രം പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഐടി നിയമവിദഗ്ധരും അഭിഭാഷകരുമായി ചർച്ചചെയ്ത് പ്രോട്ടോക്കോൾ ഒരുമാസത്തിനകം തയ്യാറാക്കും. സിനിമയുടെ ഡിജിറ്റൽ പ്രൊമോഷൻ അംഗീകൃത സംഘങ്ങളെമാത്രം ഏൽപ്പിക്കാൻ നിർമാതാക്കൾക്ക് നിർദേശം നൽകും. ഇവരുടെ പട്ടികയും തയ്യാറാക്കും.
ഓൺലൈൻ പ്രൊമോഷൻ നിർമാതാക്കൾക്ക് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതായും യോഗം വിലയിരുത്തി. സിനിമാ നിരൂപണത്തിൽ വംശീയാധിക്ഷേപം, ലിംഗവിവേചനം, ശാരീരിക അവഹേളനം എന്നിവ അംഗീകരിക്കാനാകില്ല. ഈ വിഷയത്തിൽ കേസ് നൽകിയാൽ പിന്തുണയ്ക്കാനും തീരുമാനിച്ചു.
ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ, സംവിധായകരായ സിബി മലയിൽ, ജോഷി, ഷാജി കൈലാസ്, നിർമാതാക്കളായ ജി സുരേഷ്കുമാർ, സിയാദ് കോക്കർ, തിയറ്റർ ഉടമ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.































