കൊച്ചി: സംഭരിച്ച നെല്ലിന്റെ കുടിശ്ശിക നൽകാനുള്ള നടപടികൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച കോടതിയുടെ മുൻ ഉത്തരവ് കർശനമായി പാലിക്കണം.
അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ചു വരുത്തുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. സംഭരിച്ച നെല്ലിന്റെ കുടിശ്ശിക പൂർണമായും നൽകണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് കൊല്ലങ്കോട് സ്വദേശി ശിവാനന്ദനടക്കം കർഷകർ നൽകിയ ഹരജിയിൽ ഒരു മാസത്തിനകം തുക നൽകണമെന്ന് കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിലയിരുത്താനാണ് ഹരജി ചൊവ്വാഴ്ച പരിഗണിച്ചത്.
വളരെ കുറച്ചു പേർക്ക് കൂടി തുക നൽകാനുണ്ടെന്നായിരുന്നു സപ്ലൈകോയുടെ വിശദീകരണം. തുക വിതരണത്തിന് തയാറാണെങ്കിലും അവർ വാങ്ങാത്തതാണ് കാരണമെന്നും വ്യക്തമാക്കി. ഈ തുക ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്വീകാര്യ പത്രം ഒപ്പിട്ടു നൽകിയാൽ കൈപ്പറ്റാവുന്നതാണെന്നും വ്യക്തമാക്കി.































