കാസർഗോഡ് : വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ മുസ്ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എയുമായ എ.കെ.എം. അഷറഫ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഒരുവർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മജിസ്ട്രേറ്റ് അബ്ദുൽ ബാസിതാണ് ശിക്ഷ വിധിച്ചത്. ഒരുവർഷം തടവിനു പുറമെ മൂന്നു മാസം കൂടി തടവിന് ശിക്ഷിച്ചിട്ടുണ്ട്. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി. 2010 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടന്ന വോട്ടർപട്ടികയിൽ പേരുചേർക്കൽ അപേക്ഷ പരിശോധനയിൽ ബങ്കര മഞ്ചേശ്വരത്തെ താമസക്കാരനും മൈസൂരു സ്വദേശിയുമായ മുനവർ ഇസ്മായിലിന്റെ അപേക്ഷ നിരസിച്ചിരുന്നു. മൈസൂരുവിലെ വോട്ട് നീക്കംചെയ്തതായ രേഖ കൊണ്ടുവന്നാൽ ഇവിടെ പേര് ചേർക്കാമെന്ന നിലപാടാണ് ഉദ്യോഗസ്ഥർ മുനവറിനെ അറിയിച്ചത്
അതിനുശേഷം മുനവറിനെ ഉദ്യോഗസ്ഥർ തിരിച്ചയക്കുകയും ചെയ്തിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ എ. ദാമോദരനായിരുന്നു മുനവറിനെ തിരിച്ചയച്ചത്. ഇതുസംബന്ധിച്ച് അന്ന് കാസർകോട് ജില്ല പഞ്ചായത്ത് അംഗമായിരുന്ന എ.കെ.എം. അഷറഫ്, പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല കജ, ബഷീർ കനില എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി വാക്ക്തർക്കം ഉണ്ടായി. ബഹളത്തിനിടെ പ്രതികൾ ഡെപ്യൂട്ടി തഹസിൽദാർ എ. ദാമോദരനെ മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നുമായിരുന്നു കേസ്. ഇതിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന വകുപ്പ് കോടതിതന്നെ റദ്ദാക്കിയിരുന്നു.































