തിരുവള്ളൂർ ജില്ലയിലെ കന്നികൈപ്പേർ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സമുദ്രോത്പന്ന (കടൽ വിഭവ) കയറ്റുമതി സ്ഥാപനത്തിൽ വാതകച്ചോർച്ച. ഇന്ന് രാവിലെ അറുപതിലധികം ജീവനക്കാർ ജോലിയിലുണ്ടായിരുന്ന സമയത്താണ് സ്ഥാപനത്തിൽ അമോണിയ വാതകച്ചോർച്ചയുണ്ടായത്.
വാതകം ശ്വസിച്ചതിനെ തുടർന്ന് നിരവധി തൊഴിലാളികൾക്ക് ഛർദ്ദിയും ബോധക്ഷയവും ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഇവരെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനാൽ ഇവരെ തുടർചികിത്സയ്ക്കായി ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തെത്തുടർന്ന് തിരുവള്ളൂർ ജില്ലാ കളക്ടർ കവിത, കാഞ്ചീപുരം റേഞ്ച് ഡി.ഐ.ജി ശേഷസായി, തിരുവള്ളൂർ ജില്ലാ പോലീസ് സൂപ്രണ്ട് സായ് പ്രണീത് എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൊഴിലാളികളെ നേരിട്ടെത്തി സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

































