പട്ടിമറ്റം: കാവുങ്ങൽ പുത്തൻകോട്ടയിൽ കൃഷ്ണപ്രസാദിന്റെ ഏക മകൻ കാർത്തിക് കൃഷ്ണ (14) പാമ്പു കടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വന്നശേഷം വീടിനടുത്തുള്ള കുളത്തിലേക്ക് കുളിക്കാൻ കൂട്ടുകാരോടൊപ്പം പോയതാണ്. കുളത്തിലിറങ്ങിയ ഉടൻ കുഴഞ്ഞുവീണു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റ വിവരം അറിയുന്നത്. വൈകാതെ മരിച്ചു. ശരീരത്തിൽ രക്തം കട്ടപിടിച്ചിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വീടിന് തൊട്ടടുത്താണ് കുളം. അവിടേക്ക് പോകുന്നവഴി പുല്ലുംകാടും നിറഞ്ഞതാണ്. വഴിയിൽനിന്ന് പാമ്പ് കടിച്ചതാകാമെന്നാണ് നിഗമനം. കുളത്തിലെത്തുംവരെ അസ്വസ്ഥതകൾ ഒന്നും ഉണ്ടാവുകയോ കടിയേറ്റ വിവരം പറയുകയോ ചെയ്തില്ലെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നത്. വടയമ്പാടി പരമഭട്ടാര വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. കുന്നത്തുനാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം വ്യാഴാഴ്ച 11ന്.































