റിയാദ്: സൗദിയ ഗ്രൂപ്പിനു കീഴിലെ എയർ ടാക്‌സി വിമാനം ആദ്യമായി റിയാദിൽ പ്രദർശിപ്പിച്ച് സൗദിയ റിയാദിൽ ഇന്നലെ ആരംഭിച്ച ഗ്ലോബൽ ലോജിസ്റ്റിക് ഫോറത്തിലാണ് എയർ ടാക്‌സിയായി ഉപയോഗിക്കുന്ന ഇലക്ട്രിക് വിമാനം സൗദിയ പ്രദർശിപ്പിക്കുന്നത്. ഫോറത്തിന് നാളെ തിരശ്ശീല വീഴും. ഇലക്ട്രിക് വിമാന നിരമാണ മേഖലയിൽ പ്രവർത്തിക്കുന്ന ജർമൻ കമ്പനിയായ ലിലിയത്തിൽ നിന്ന് 100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞ ജൂലൈയിൽ സൗദിയ ഗ്രൂപ്പ് കരാർ ഒപ്പുവെച്ചിരുന്നു. വിമാനങ്ങളിൽ ഒന്നിന് 45 ലക്ഷം ഡോളറാണ് വില കണക്കാക്കുന്നത്. കരാർ പ്രകാരമുള്ള ആദ്യ ബാച്ച് ഇലക്ട്രിക് വിമാനങ്ങൾ 2026 ൽ സൗദിയക്ക് ലിലിയം കമ്പനി കൈമാറും.
ഇലക്ട്രിക് വിമാനങ്ങൾ വാങ്ങാൻ ലോകത്തെ ഒരു വിമാന കമ്പനി നൽകുന്ന ഏറ്റവും വലിയ ഓർഡറാണിത്. ഇലക്ട്രിക് വിമാനങ്ങളുടെ ചില ഭാഗങ്ങളും സ്പെയർ പാർട്‌സും സൗദിയിൽ നിർമിക്കുന്ന കാര്യം പഠിക്കുമെന്നും ലിലിയം കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്കും തിരിച്ചും ഹജ്, ഉംറ തീർഥാടകർക്ക് യാത്രാ സൗകര്യം നൽകാൻ എയർ ടാക്‌സികൾ ഉപയോഗിക്കുമെന്ന് സൗദിയ ഗ്രൂപ്പിലെ മാർക്കിംഗ് വിഭാഗം മേധാവി ഖാലിദ് ബിൻ അബ്ദുൽഖാദിർ പറഞ്ഞു. കൂടുതൽ ഗതാഗത ഓപ്ഷനുകൾ നൽകാനും യാത്രാ സമയം കുറക്കാനും ഗതാഗത്തിരക്ക് കുറക്കാനും തിരക്കേറിയ പ്രദേശങ്ങളിൽ പുതിയ യാത്രാ പോംവഴികൾ നൽകാനും വി.ഐ.പികൾക്കുള്ള വിശിഷ്ട സേവനം വിപുലീകരിക്കാനും ഇലക്ട്രിക് വിമാനങ്ങൾ സഹായിക്കുമെന്ന് ഖാലിദ് ബിൻ അബ്ദുൽഖാദിർ പറഞ്ഞു. ലംബമായി പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന ഇലക്ട്രിക്കൽ വെർട്ടിക്കൽ ടേക്ക് ഓഫ് ആന്റ് ലാൻഡിംഗ് വിമാനമാണ് ലിലിയം കമ്പനി നിർമിച്ച് എയർ ടാക്‌സിയായി ഉപയോഗിക്കാൻ സൗദിയ ഗ്രൂപ്പിന് കൈമാറുന്നത്.

































