കൊല്ലം: പതിനഞ്ച് വർഷങ്ങത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ആതിഥേയത്വം വഹിക്കുമ്പോൾ ആശ്രാമം മൈതാനം മുഖ്യവേദിയാകും. പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ മൈതാനം കലക്ടർ വിട്ടു നൽകി.
ആശ്രാമം മൈതാനത്ത് തന്നെ ഒന്നിലധികം വേദികൾ തയ്യാറാക്കാനാണ് അധികൃതരുടെ ലക്ഷ്യം. സ്വാഗതസംഘ രൂപീകരണത്തിന് ശേഷം മറ്റുള്ള വേദികൾ നിശ്ചയിക്കും. വേദികളിൽ നിന്ന് വേദികളിലേക്ക് മത്സരാർഥികൾ യാത്ര ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ലഘുകരിക്കുക എന്ന ഉദ്ദേശവും അധികൃതർക്കുണ്ട്.
നാലാം തവണയാണ് കൊല്ലം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. കഴിഞ്ഞ തവണ കൊല്ലം വേദിയായി നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഇത്തവണത്തേത് 62-ാമത് കലോത്സവമാണ്. നേരത്തെ 1988 (28- മത് കലോത്സവം),1998 (38-ാമത് കലോത്സവം), 2008 (48-ാമത് കലോത്സവം) വർഷങ്ങളിലാണ് കൊല്ലം ആതിഥേയരായത്.































