വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ കേന്ദ്ര, സംസ്ഥാന ഏജൻസികളെ കക്ഷിചേർത്ത് ഹൈക്കോടതി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സംസ്ഥാന എൻവയോൺമെന്റൽ ഇംപാക്ട് അസസ്മെന്റ് അതോറിറ്റി, നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസസ് സ്റ്റഡീസ് എന്നിവരെയാണ് കക്ഷി ചേർക്കാൻ നിർദേശം നൽകിയത്.
മുൻ അഡീഷണൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാനെ അമിക്കസ് ക്യൂറി ആയി ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് ഹാജരാക്കാനും ജസ്റ്റീസുമാരായ ജയശങ്കർ നമ്പ്യാർ, വി.എസ്. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശം നൽകി. കേസ് അടുത്ത വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.
സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും നടപടികൾ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്ത് ഉള്ള തെന്നും ചോദിച്ചു. ഇക്കാര്യത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് കോടതി റിപ്പോർട്ട് തേടി.
കേരളത്തിന്റെ സമഗ്രമായ ജിയോ മാപ്പിംഗ് തയാറാക്കണം. ഏതൊക്കെ പ്രദേശങ്ങളാണ് പരിസ്ഥിതിദുർബലമായവയെന്ന് കണ്ടെത്തണം. ദുർബല പ്രദേശങ്ങൾ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിൽ സർക്കാരിൻ്റെ നയങ്ങളും ചട്ടങ്ങളും മാറ്റേണ്ടതുണ്ട്. നയംമാറ്റത്തിനായി ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ പരിഗണിക്കാമെന്നും കോടതി നിർദേശിച്ചു.































