നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാർ എത്തുമെന്ന് റിപ്പോർട്ട്. വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടയിൽ വലിയ ക്രമസമാധാന പ്രശ്നങ്ങൾ അരങ്ങേറുന്ന ഘട്ടത്തിലാണ് പുതിയ. തീരുമാനം. ഈ നീക്കം താൽക്കാലികമായെങ്കിലും രാജ്യത്ത് സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് വിലയിരുത്തൽ.
‘പാവപ്പെട്ടവരുടെ ബാങ്കർ’ എന്നറിയപ്പെടുന്ന, 84 കാരനായ യൂനുസിനെ നിയമിക്കണമെന്നാണ് പ്രതിഷേധക്കാരായ വിദ്യാർത്ഥികളും മുന്നോട്ടുവെയ്ക്കുന്ന ആവശ്യം. ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീൻ്റെ അധ്യക്ഷതയിൽ നടന്ന നിർണായക യോഗത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ നിയമനം.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഒരു മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത ശേഷം ഇന്ത്യയിൽ അഭയംതേടിയെങ്കിലും രാജ്യത്ത് സ്ഥിതിഗതികൾ അസ്ഥിരമായി തുടർന്നു.
വർഷങ്ങളായി ഹസീനയുടെ സ്ഥിരം വിമർശകനായ യൂനുസിനെതിരെ 190 ലധികം കേസുകളാണ് നിലനിൽക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിൽ ‘ഗ്രാമീൺ ബാങ്ക്’ വഴി നടത്തിയ പയനിയറിംഗ് പ്രവർത്തനത്തിന് 2006 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു.































