വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൻ്റെ നടുക്കത്തിലാണ് സംസ്ഥാനം. ദുരന്തത്തിൻ്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല. രാത്രി വൈകിയും നീണ്ട രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. പ്രതികൂല കാലാവസ്ഥയും അപകട സാധ്യതയും പരിഗണിച്ചാണ് തീരുമാനം. ഇന്ന് പുലർച്ചെ തന്നെ തെരച്ചിൽ പുനഃരാരംഭിക്കും. 120ലേറെ പേർ ഇതുവരെ മരിച്ചതായാണ് വിവരം.
സംസ്ഥാനത്തെ നടുക്കിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്നലെയും ഇന്നും സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റിവെച്ചു.
വിവിധ ഇടങ്ങളിൽ നിന്നായി നൂറിലധികം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഉരുൾപ്പൊട്ടലിനൊപ്പമെത്തിയ മലവെള്ളപ്പാച്ചിലും കൂറ്റൻ പാറക്കല്ലുകളും ഒരു പ്രദേശത്തെ തന്നെ തുടച്ചുമാറ്റിയ കാഴ്ചയാണ് കാണാനാകുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കായി നാവികസേനയുടേയും സൈന്യത്തിൻ്റെയും സംഘം വയനാട്ടിൽ ക്യാമ്പ് ചെയ്യുകയാണ്.
































