അബുദാബി: യുഎഇയിലെ ഏതെങ്കിലും പ്രവേശന കേന്ദ്രത്തിലൂടെ കടന്നുപോകുന്ന യാത്രക്കാർ തങ്ങളുടെ കൈയിലുള്ള വിലയേറിയ കറൻസികൾ, ലോഹങ്ങൾ, രത്നങ്ങൾ എന്നിവ അധികൃതർ മുൻപാകെ വെളിപ്പെടുത്തണമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്. വിമാനത്താവളങ്ങൾ വഴിയോ തുറമുഖങ്ങൾ വഴിയോ എമിറേറ്റ്സിലേക്ക് വരികയോ പോവുകയോ ചെയ്യുന്ന യാത്രക്കാര് 60,000 ദിർഹമിന് മുകളിൽ മൂല്യമുള്ള കറൻസികൾ, ആഭരണങ്ങൾ എന്നിവ വെളിപ്പെടുത്താതിരിക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണെന്നും ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുന്നറിയിപ്പ് നൽകി. ഏകദേശം 13.68 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ് ഈ തുക.
ഒരു യാത്രക്കാരൻ, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, വെളിപ്പെടുത്താത്ത വസ്തുവകകളുടെ മൂല്യമനുസരിച്ച് തടവിനും പിഴയ്ക്കും വിധേയമായേക്കാമെന്നും അധികൃതർ അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), അബുദാബി ജുഡീഷ്യൽ Mar ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ യുഎഇയിൽ വരുന്നവരും പുറപ്പെടുന്നവരുമായ യാത്രക്കാർക്ക് പണം പ്രഖ്യാപിക്കുന്നതിന് അഫ്സ’ എന്ന അത്യാധുനിക ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം 18 വയസ്സിന് മുകളിൽ പ്രായമുള്ള ഓരോ കുടുംബാംഗത്തിനും 60,000 ദിർഹം വരെ മൂല്യമുള്ള കറൻസിയോ ആഭരണങ്ങളോ അധികൃതർ മുൻപാകെ വെളിപ്പെടുത്താതെ July കൊണ്ടുപോകാനും കൊണ്ടുവരാനും അവകാശമുണ്ട്. എന്നാൽ ഇതിൽ കൂടുതലുള്ള തുക അഹ്‌സ വഴിയോ രാജ്യത്തിന്റെ അതിർത്തി ക്രോസിംഗുകളിൽ അംഗീകരിച്ച മറ്റ് സംവിധാനങ്ങൾ വഴിയോ വെളിപ്പെടുത്തണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം.
18 വയസ്സിന് താഴെയുള്ള യാത്രക്കാർ കൊണ്ടുപോകുന്ന തുക കൂടെയുള്ള മുതർന്ന യാത്രക്കാരന്റേതിനോട് ചേർക്കും. അങ്ങനെ രണ്ടു പേരുടെയും കൈവശമുള്ളത് ഒരുമിച്ചു ചേർത്താൽ 60,000 ദിർഹം മൂല്യത്തിൽ കൂടുതരുതെന്ന് നിർദേശവും നൽകിയിട്ടുണ്ട്. ഇതിൽ കൂടുതലാകുന്ന പക്ഷം അക്കാര്യം അധികൃതർക്കു മുൻപാകെ വെളിപ്പെടുത്തണം. അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി യാത്രക്കാരുടെയും അവരുടെ പണത്തിന്റെയും സുരക്ഷ ഉറപ്പാക്കാനും രാജ്യത്തന്റെ നിയമങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയുമാണ് ഈ മുന്നറിയിപ്പെന്നും അധികൃതർ അറിയിച്ചു. ഒരു യാത്രക്കാരൻ 60,000 ദിർഹമിൽ കൂടുതൽ മൂല്യമുള്ള പണമോ ആഭരണങ്ങളോ മറ്റ് വിലപ്പെട്ട വസ്തുക്കളോ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ മൂന്നു മാസം വരെ തടവും അര ലക്ഷം ദിർഹമിൽ കുറയാത്ത പിഴയുമാണ് യുഎഇ നിയമം അനുശാസിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
































