വരാപ്പുഴ: കടമക്കുടിയിൽ ദമ്പതികളും രണ്ട് കുട്ടികളും ദാരുണമായി ജീവനൊടുക്കിയതിന് പിന്നിൽ ഓൺലൈൻ വായ്പ തട്ടിപ്പു സംഘത്തിന്റെ ഭീഷണി. രൂപമാറ്റം വരുത്തിയ (മോർഫ്) നഗ്നചിത്രങ്ങൾ കുടുംബാംഗങ്ങൾക്കടക്കം അയക്കുമെന്ന ഭീഷണി ലഭിച്ചതിനെ തുടർന്നാണ് കൂട്ട ആത്മഹത്യയെന്നാണ് കരുതുന്നത്.വലിയ കടമക്കുടി മാടശ്ശേരി നിജോ (39), ഭാര്യ ശിൽപ (29) മക്കളായ ഏയ്ബൽ (7), ആരോൺ (5) എന്നിവരെയാണ് ചൊവ്വാഴ്ച വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മോർഫ് ചെയ്ത ശിൽപയുടെ നഗ്നചിത്രവും വിഡിയോയും ഇവർ മരിച്ച ദിവസമായ ചൊവ്വാഴ്ച അയച്ചു നൽകുമെന്ന സന്ദേശം തിങ്കളാഴ്ച വൈകീട്ടോടെ ശിൽപയുടെ വാട്സ്ആപ്പിൽ ലഭിച്ചിട്ടുണ്ട്. അതേസമയം, മോർഫ് ചെയ്ത ശിൽപയുടെ നഗ്നചിത്രങ്ങൾ ബന്ധുക്കൾക്ക് അയക്കുകയും ചെയ്തു. ഇതോടെയാണ് സംഭവത്തിന് പിന്നിൽ ഓൺലൈൻ വായ്പ തട്ടിപ്പ് സംഘമെന്ന വിവരം ഉറപ്പിക്കുന്നത്. ജോലിക്കായി വിദേശത്ത് പോകുന്നതിന് ശിൽപ ഓൺലൈനായി വായ്പ എടുത്തിരുന്നു. എന്നാൽ, എത്ര തുകയാണ് എടുത്തതെന്ന് വ്യക്തമല്ല. അതേസമയം, ഫെഡറൽ ബാങ്കിന്റെ വരാപ്പുഴ ശാഖയിൽ ശിൽപയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്ന് മാസം തോറും 9,300 രൂപ തിരിച്ചടവായി കൊടുത്തിരുന്നു. ഇതിന്റെ ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെയാണ് ഓൺലൈൻ സംഘം ഭീഷണി തുടങ്ങിയത്.കൂട്ടമരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജാഗ്രത സമിതി രൂപവത്കരിച്ചു. മരണം സംബന്ധിച്ച് റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് സമിതി ചെയർമാനും സെൻറ് അഗസ്റ്റിൻസ് പള്ളി വികാരിയുമായ ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.നാല് പേരുടെയും സംസ്കാരച്ചടങ്ങ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. മൃതദേഹങ്ങൾ രാവിലെ ഒമ്പതിന് കടമക്കുടി സെൻറ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്































