ഏറെ കാത്തിരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവന്നപ്പോൾ അപ്രതീക്ഷിത വിധിയാണ് കേരളത്തിലുണ്ടായത്. ചരിത്രത്തിലാദ്യമായി ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നു. തിരുവനന്തപുരത്ത് ശശി തരൂരിന് കടുത്ത മത്സരമാണ് അവസാനം വരെ രാജീവ് ചന്ദ്ര ശേഖർ നൽകിയത്. യുഡിഎഫും ബിജെപിയും മികച്ച മുന്നേറ്റം നടത്തിയപ്പോൾ തകർന്നടിഞ്ഞത് എൽഡിഎഫ് ആണ്.
വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ വിവിധയിടങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്തിരുന്നു. പ്രത്യേകിച്ച് പോസ്റ്റൽ വോട്ട് എണ്ണി കൊണ്ടിരുന്നപ്പോൾ കാസർഗോഡും, കണ്ണൂരും, മാവേലിക്കരയുമെല്ലാം എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ലീഡ് നൽകി. എന്നാൽ ഇവിഎമ്മിലേക്ക് കടന്നപ്പോൾ പലയിടത്തും അടി പതറുകയായിരുന്നു. കനത്ത മത്സരം പ്രതീക്ഷിച്ച പലയിടത്തും ലീഡുകൾ ഉയർന്നു കൊണ്ടിരുന്നു.
കേരളം ഉറ്റു നോക്കിയ തൃശൂരും തിരുവനന്തപുരവും അവസാനം വരെ സസ്പെൻസുകൾ നിലനിർത്തി. തൃശൂരിൽ ആദ്യം ചെറിയ ലീഡുകളിൽ മുന്നിൽ നിന്നിരുന്ന വി എസ് സുനിൽകുമാർ പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. പിന്നീട് അങ്ങോട്ട് സുരേഷ് ഗോപിയുടെ തേരോട്ടം ആയിരുന്നു. ഒരു ഘട്ടത്തിൽ പോലും കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരൻ ലീഡ് ചെയ്തില്ല എന്ന് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തു. വ്യക്തമായ ലീഡ് ഉയർത്തി സുരേഷ് ഗോപി 70000 ലധികം വോട്ടുകൾ നേടിയാണ് ആധിപത്യം നിലനിർത്തിയത്. ഇതോടെ പുതിയ രാഷ്ട്രീയ ചരിത്രമാണ് കേരളത്തിൽ ഉടലെടുക്കുന്നത്. മാത്രമല്ല ഇത് വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദങ്ങളിലേക്കും കടക്കുമെന്ന് ഉറപ്പാണ്.
തിരുവനന്തപുരത്ത് ശശി തരൂരും രാജീവ് ചന്ദ്ര ശേഖരും തമ്മിലുള്ള ശക്തമായ പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. അവസാന നിമിഷം വരെ വലിയ ഭൂരിപക്ഷത്തിൽ ലീഡ് നില തുടർന്ന രാജീവ് അവസാന ഘട്ടത്തിലാണ് അടിപതറിയത്. കോവളം ഉൾപ്പെടെയുള്ള തീര പ്രദേശങ്ങളാണ് തരൂരിനെ തുണച്ചത്. അവസാന ഘട്ടത്തിൽ 15000 ലധികം വോട്ടുകളുടെ ലീഡ് ഉയർത്തിയത്. ഇവിടെ മൂന്നാം സ്ഥാനത്താണ് എൽഡിഎഫ്.
വയനാട്ടിൽ 2019 നു സമാനമായ രീതിയിൽ തന്നെയാണ് ഇന്നും തുടർന്നത്. രാഹുൽ ഗാന്ധി മികച്ച ഭൂരിപക്ഷം നിലനിർത്തിയാണ് തുടക്കം മുതലേ മുന്നേറിയത്. 4 ലക്ഷത്തോടടുത്ത നിൽക്കുകയാണ് നിലവിൽ രാഹുലിൻ്റെ ഭൂരിപക്ഷം. റായ്ബറേലിയിലെ രാഹുൽ വിജയിക്കുകയാണെങ്കിൽ ഒരു പാക്സ്ജെ വയനാട് ഉപ തിരഞ്ഞെടുപ്പിന് വേദിയാകുമെന്നാണ് വിലയിരുത്തൽ.
എവിടെ തോറ്റാലും വടകര ജയിക്കണം എന്നായിരുന്നു ഇരു മുന്നണികൾക്കും ഉണ്ടായിരുന്നത്. എന്നാൽ തുടക്കം മുതലേ ഷാഫി പറമ്പിൽ ലീഡ് ചെയ്തു തുടങ്ങി. പാലക്കാട് നിന്നും വാടകരയിലേക്ക് മത്സരിക്കാനെത്തിയ ഷാഫിയെ ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്ന് പറയേണ്ടി വരും . കെ കെ ശൈലജ ടീച്ചർക്ക് വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. കേരളം ചരിത്രത്തിലാദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു സിറ്റിംഗ് എം എൽ എ മാർ തമ്മിൽ മത്സരിച്ചപ്പോൾ വിജയം തുണച്ചത് ഷാഫി പറമ്പിലിനെയാണ്. ഒരു ലക്ഷത്തിലധികം വോട്ടിൻറെ ഭൂരിപക്ഷം ആണ് ഷാഫി നിലവിൽ നേടിയിരിക്കുന്നത്. ആർ എം പിയും മുസ്ലിം ലീഗും കോൺഗ്രസും ചേർന്ന് നടത്തിയ കൂട്ടായ പരിശ്രമത്തിൻ്റെ വിജയമാണ് വടകരയിൽ കണ്ടത്. വടകരയിൽ ഉൾപ്പെടെ മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തിയ സി പി എമ്മിൻറെ പരാജയം പാർട്ടിക്ക് കൃത്യമായി മറുപടി പറയേണ്ടി വരും.































