വിശ്വാസികൾക്ക് സന്തോഷത്തിന്റെയും ത്യാഗ സ്മരണയുടെയും ആത്മീയ ചിന്തയുടെയും വേളയാണ് ബലി പെരുന്നാൾ. ബലിനടത്തിയും,ദാനം ധർമ്മങ്ങൾ ചെയ്തും,ഈദാശംസകൾ കൈമാറിയും,സത്കർമങ്ങൾ ചെയ്തും ലളിത ജീവിതം നയിച്ചുമാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാൾ ആഘോഷിക്കേണ്ടത്. കുടുംബങ്ങൾക്കും അയൽവാസികൾക്കും ഒപ്പം ഒത്തു ചേർന്ന് പരസ്പരം സന്തോഷങ്ങൾ പങ്കു വെച്ച്,
പ്രയാസമനുഭവിക്കുന്നവർക്ക് സന്തോഷത്തിന്റെ കൈനീട്ടങ്ങൾ കൈമാറി പരസ്പര ഐക്യത്തിന്റെയും സന്ദേശം പകരാനുള്ളതാവണം നമ്മുടെ വലിയ പെരുന്നാൾ. ആശംസകൾ കൈമാറുന്നതോടൊപ്പം നമ്മുടെ സഹജീവികളും നമ്മെപ്പോലെ സന്തോഷിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ നാം പ്രത്യേകം ശ്രദ്ധിക്കണം.
നാലായിരം വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന അല്ലാഹുവിന്റെ മിത്രമെന്ന(ഖലീലുള്ളാഹി) അപരനാമത്തിൽ അറിയപ്പെടുന്ന ഇബ്രാഹിം നബിയുടെയും സഹധർമ്മിണി ഹാജർ ബീവിയുടെയും പൊന്നോമന മകൻ ഇസ്മാഈൽ (അ) ന്റെയും തപിക്കുന്ന ഓർമ്മകളുമായിട്ടാണ് മുസ്‌ലിം ലോകം ബലിപെരുന്നാൾ കൊണ്ടാടുന്നത്…സന്താന സൗഭാഗ്യം ഇല്ലാതിരുന്ന ഇബ്രാഹിം നബിക്ക് ജീവിതത്തിന്റെ സായം സന്ധ്യയിൽ ലഭിച്ച പൊന്നോമനയെ ഇലാഹീ പ്രീതിക്കായി സമർപ്പിക്കാൻ പോലും തയ്യാറായ ത്യാഗത്തിന്റെ സ്മരണ….

മനുഷ്യ വാസ മില്ലാത്ത മക്കയെന്ന ഊഷര ഭൂമിയിൽ പൊന്നോമന യുടെ ദാഹംതീർക്കുന്നതിന് ദാഹജലത്തിനായി സഫമർവ കുന്നുകൾ ക്കിടയിൽ ഓടുമ്പോഴും സൃഷ്ടാവിന്റെ വിധിയിൽ പൂർണ്ണ സംതൃപ്തയായ മഹിളാ രത്നം ഹാജർ ബീവിയുടെ സ്മരണ….
മിനയിലെ മലമടക്കുകളിൽ
ഇലാഹീ പ്രീതിക്കായി സ്വയം സമർപ്പിത നായ പിഞ്ചു ബാലൻ ഇസ്മാഈൽ (അ) സ്മരണ…
അതാണ് ബലിപെരുന്നാളിലും ഹജ്ജ് വേളകളിലും സത്യവിശ്വാസികളുടെ മനോമുകുരത്തിലൂടെ മിന്നി മറയുന്നത്….
ദൈവിക സ്മരണ മാത്രമാണ് വിജയത്തിനും മനസ്സമാധാനത്തിനും നിധാനമെന്ന് മനസ്സിലാക്കി,
അധർമ്മത്തിനും അനീതിക്കുമെതിരെ സധൈര്യം പോരാടിയ ഇബ്രാഹിം നബിയുടെ പാത പിൻപറ്റി, രാജ്യത്ത് ശാന്തിയും സമാധാനവും,
മതസൗഹാർദ്ദവും, മതനിരപേക്ഷതയും ഊട്ടി ഉറപ്പിക്കാനും, രാജ്യത്തിന്റെ കാവൽക്കാരാകാനും ഓരോ സത്യ വിശ്വാസിയും ശ്രദ്ധചെലുത്തണമെന്നും താൻ അതിന് ബാധ്യസ്തനാണെന്നും, വിശുദ്ധ ഇസ്‌ലാമിന്റെ സ്ന്ദേശം അതാണെന്നും മനസ്സിലാക്കി ജീവിക്കുക…
മാന്യ വായനക്കാർക്ക് ഒരായിരം ബലിപെരുന്നാൾ ആശംസകൾ

































