തിരുവല്ല :മല്ലപ്പള്ളി ആനിക്കാട് പഞ്ചായത്ത് സെക്രട്ടറിയെസ്ഥലംമാറ്റിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പടക്കം പൊട്ടിച്ചതിനെ തുടർന്നു സമീപത്തെ പുരയിടത്തിൽ തീ പടർന്നു. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പഞ്ചായത്ത് ഓഫിസിനോടു ചേർന്നുള്ള പാറോലിക്കൽ പുരയിടത്തിലാണ് തീ പടർന്നത്. അരയേക്കറോളം സ്‌ഥലത്തെ അടിക്കാടിനു തീപിടിച്ചു നാട്ടുകാരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. തിരുവല്ലയിൽനിന്ന് അഗ്നിരക്ഷാസേനയും എത്തി.
സെക്രട്ടറിയുടെ പ്രവർത്തനങ്ങൾമൂലം പഞ്ചായത്തിൻറെ വികസന പ്രവർത്തനങ്ങൾ താറുമാറായെന്നും പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങളോടു മോശമായി പെരുമാറുന്നുവെന്നും ആരോപിച്ചു ഫെബ്രുവരി 24ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ സെക്രട്ടറിയെ മാറ്റണമെന്ന് യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളിലെ 11 പേർ ഐക്യകണ്‌ണ്ഠേന ആവശ്യപ്പെട്ടിരുന്നു. 13 അംഗ ഭരണസമിതിയിൽ എൽഡിഎഫിലെ 2 അംഗങ്ങൾ മാത്രമാണ് വിട്ടുനിന്നത്. പഞ്ചായത്ത് യുഡിഎഫാണ് ഭരിക്കുന്നത്.
































