ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ റൂട്ട് മാറ്റിയേക്കുമെന്ന സൂചന നല്‍കി റെയില്‍വേ. ആലപ്പുഴ റൂട്ടില്‍ ജനങ്ങളില്‍ നിന്ന് തണുപ്പന്‍ പ്രതികരണം ലഭിച്ചാല്‍ വന്ദേ ഭാരത് എക്‌സ്പ്രസ് കോട്ടയം റൂട്ടിലേയ്ക്ക് മാറ്റുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. വന്ദേ ഭാരതിന്റെ വരവോടെ മറ്റ് പാസഞ്ചര്‍ ട്രെയിനുകള്‍ വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി എം എ ആരിഫിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം യാത്രക്കാര്‍ രംഗത്തെത്തിയിരുന്നു.
പ്രധാനമായും ആലപ്പുഴയ്ക്കും കായംകുളത്തിനും ഇടയില്‍ സര്‍വീസ് നടത്തുന്ന രണ്ട് പാസഞ്ചര്‍ ട്രെയിനുകൾ വൈകുന്നു എന്നാണ് ആരോപണം. ഈ പാസഞ്ചര്‍ ട്രെയിനുകള്‍ വൈകാതിരിക്കാന്‍ ഇരട്ടപ്പാതയായ കോട്ടയം റൂട്ടിലേയ്ക്ക് വന്ദേ ഭാരതിന്റെ സര്‍വീസ് മാറ്റുക മാത്രമാണ് റെയില്‍വേയ്ക്ക് മുന്നിലുള്ള ഏക പോംവഴി. മറ്റ് ട്രെയിനുകളേക്കാള്‍ ഉപരിയായി റെയില്‍വേ വന്ദേ ഭാരതിന് അനുകൂലമായി തീരുമാനങ്ങള്‍ എടുക്കുന്നു എന്ന ആരോപണം നേരത്തെ മുതല്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് റൂട്ട് മാറ്റത്തെ കുറിച്ച് റെയില്‍വേ ആലോചിക്കുന്നത്.
അതേസമയംആലപ്പുഴ വഴിയുള്ള തീവണ്ടികളുടെ സമയക്രമം തെറ്റിയുള്ള ഓട്ടം പതിവായതിനെ തുടർന്ന് യാത്രക്കാരും ജനപ്രതിനിധികളും പ്രതിഷേധിച്ചതിനെ അടിസ്ഥാനമാക്കി റെയിൽവേ അധികാരികൾ നടത്തിയിട്ടുള്ള വെല്ലുവിളി പ്രതിഷേധാർഹമെന്ന് സി.പി.ഐ.എം ആലപ്പുഴ ജില്ലാ കമ്മിറ്റി.വന്ദേ ഭാരത് വേണ്ടി വന്നാൽ കോട്ടയം വഴി മാറ്റി ഓടിക്കുമെന്ന ഭീഷണി ആലപ്പുഴ ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വേഗത കൂടിയ തീവണ്ടിയായ വന്ദേഭാരതിന് ഏറ്റവും കൂടുതൽ കളക്ഷൻ നൽകുന്നത് കേരളത്തിലാണ്. ആ ട്രെയിൻ ഓടാൻ തുടങ്ങിയപ്പോൾ ശാസ്ത്രീയമായ മാനദണ്ഡങ്ങൾ പാലിക്കാതെ പാസഞ്ചർ അടക്കമുള്ള തീവണ്ടികൾ പല സ്റ്റേഷനുകളിലും അനാവശ്യമായി കൂടുതൽ പിടിച്ചിട്ട് ജനങ്ങളെ വലയ്ക്കുകയാണ്.































