ഇന്ന് കാരുണ്യ പ്രവൃത്തികൾ കേവലം ഒരു ദിവസത്തെ ആഘോഷമാണ്.പത്രത്തിലും സോഷ്യൽ മീഡിയയിലും വാർത്ത, ഫ്ലെക്സ് അടിച്ചു കഴിയുന്നിടത്തൊക്കെ വച്ചുള്ള പരസ്യം, ‘കാരുണ്യം’ ഏറ്റുവാങ്ങിയ വനുമൊത്തൊരു സെൽഫി.. അവസാനം കാരുണ്യം ഏറ്റുവാങ്ങിയവൻ്റെ നാളെകളെ കുറിച്ച് ആകുലതയില്ലാതെ ഒടുവിൽ കാരുണ്യം കാട്ടിയവരൊക്കെ ചേർന്ന് ഒരു രാത്രി വിരുന്ന്.
അപരൻ്റെ ജീവിതത്തിന് തുണപോകുന്ന കാരുണ്യത്തിൻ്റെ കൈത്താങ്ങാവാൻ കഴിയുമ്പോഴാണ് നമ്മുടെ കാരുണ്യ പ്രവൃത്തികൾ അർത്ഥവത്താകുന്നത്. “നീ ധർമദാനം ചെയ്യുമ്പോൾ അത് രഹസ്യമായിരിക്കേണ്ടതിന്, നിൻ്റെ വലത്തു കൈ ചെയ്യുന്നത് ഇടത്തു കൈ അറിയാതിരിക്കട്ടെ.” എന്ന് വാക്യം
എളിമയും സ്‌നേഹവുമുണ്ടെങ്കില്‍ മാത്രമേ ഒരുവന് വളര്‍ച്ചയുണ്ടാവുകയുള്ളു. ശരീരത്തിന്റേയോ വസ്‌ത്രത്തിന്റേയോ പുറംമോടികളുടേതോ അല്ലാത്ത, വാക്കുകള്‍ക്ക് വിഷയമാവാന്‍ കഴിയാത്ത ഒരു പ്രസന്നഭാവത്തിലേക്ക് അയാള്‍ ഉയര്‍ന്നു വരണം. ജീവിതത്തിലെ ഓരോ നിമിഷവും കരുണ നിറഞ്ഞതാവണം– ഉള്ളു നോവുന്ന വിധത്തിലുള്ള കരുണ – എന്നാല്‍ മാത്രമേ ഈ പറഞ്ഞ നിലയിലേക്കു വളരാന്‍ കഴിയുകയുള്ളു. ഗാഢമായ സ്‌നേഹത്തിലും കാരുണ്യത്തിലും കൂടി മാത്രമേ അതു സാധ്യമാവുകയുള്ളു.
ഹിറ്റ്ലറിന്റെ നരകത്തടവിൽ ലക്ഷക്കണക്കായ ജൂതകുടുംബങ്ങൾ മരണം കാത്തുകിടക്കുന്ന കാലം. ചില അടിയന്തിരാവശ്യങ്ങൾക്ക് ഡോക്ടർമാരെ അവിടേക്ക് കൊണ്ടുവരാറുണ്ട്. ആശുപത്രിയിലെ ആംബുലൻസിലാണ് അവർ വരിക. അങ്ങോട്ടെത്തുന്ന ഡോക്ടർമാരുടെയെല്ലാം കൂടെ നഴ്സായ ഒരു പെൺകുട്ടി വരും. അനേകം തവണ അവളവിടെ വന്നുപോയി. വർഷങ്ങൾ കഴിഞ്ഞാണ് ലോകം ആ വലിയ വാർത്തയറിഞ്ഞത്. ഓരോ തവണ വന്നുപോകുമ്പോഴും അവൾ, തടവിൽക്കഴിയുന്ന കുട്ടികളെ സൂത്രത്തിൽ പുറത്തെത്തിക്കും. കുട്ടികൾ കരഞ്ഞാൽ കാവൽക്കാർ അറിയും. കരയാതിരിക്കാൻ ചിലപ്പോൾ നേരിയ അളവിലുള്ള ഉറക്കഗുളിക നൽകും. മറ്റു ചിലപ്പൊൾ വീട്ടിലെ നായയെ കൂട്ടിവരും.ആംബുലൻസിൽ വെച്ച് നായ ഉറക്കെ കുരക്കും. കുഞ്ഞുങ്ങളുടെ കരച്ചിൽ കാവൽക്കാർ കേൾക്കില്ല. മൂവായിരത്തോളം കുഞ്ഞുങ്ങളെ അവൾ ജീവിതത്തിന്റെ ആകാശത്തേക്ക് തുറന്നുവിട്ടു. അയേന സെല്ലർ എന്ന ധീരയായ പെൺകുട്ടിയാണത്. അത്യന്തം അപകടമുള്ള ഈ പ്രവൃത്തിക്ക് എങ്ങനെ ധൈര്യം കിട്ടി എന്ന ചോദ്യത്തിന് അവൾ നൽകിയ മറുപടിയാണ് പ്രധാനം;
അവളുടെ അച്ഛൻ കാരുണ്യമുള്ളൊരു ഡോക്ടറായിരുന്നു. നാട്ടിലാകെ ഗുരുതരമായ പകർച്ചപ്പനി ബാധിച്ച കാലം. രോഗികളെ ചികിത്സിക്കാൻ ഭയന്ന് ഡോക്ടർമാരെല്ലാം നാടുവിട്ടുപോയി. ഇദ്ദേഹം എങ്ങും പോയില്ല. പനി ബാധിച്ചവരെയെല്ലാം വീടുകളിൽപ്പോയി ചികിത്സിച്ചു. കുറേയധികം പേരെ രക്ഷിച്ചു. പക്ഷേ, പനി ഒടുവിൽ ആ നല്ല മനുഷ്യനേയും തേടിയെത്തി. അധികം വൈകാതെ അദ്ദേഹം മരിക്കുകയും ചെയ്തു. മരണത്തിന്റെ ഏതാനും നിമിഷങ്ങൾക്കു മുമ്പ് മകളെ അരികിലേക്ക് വിളിച്ചു. ഒറ്റക്കാര്യം അവളോട് പറഞ്ഞു: ‘ഒരാൾ മുങ്ങിമരിക്കുന്നത് കണ്ടാൽ നിനക്ക് നീന്തലറിയില്ലെങ്കിലും അയാളെ രക്ഷിക്കാൻ എടുത്തു ചാടണം. കാരുണ്യമാണ് ഈ ലോകത്ത് ബാക്കിവെക്കാവുന്ന ഏറ്റവും നല്ല ഓർമ. എന്റെ മോൾ അതിനു മടിക്കരുത്. നിനക്കുണ്ടാകുന്ന നഷ്ടങ്ങളൊന്നും കാരുണ്യമുള്ളൊരു കർമത്തിൽനിന്നും നിന്നെ പിന്തിരിപ്പിക്കരുത്.’
അതെ. നമുക്ക് നീന്തലറിയുമോ എന്നതല്ല. നമ്മളൊന്ന് കൈനീട്ടിയാൽ പിടിച്ചുകേറാൻ കാത്തിരിക്കുന്ന ഒരാൾക്കെങ്കിലും അത് നൽകുന്നുണ്ടോ എന്നതാണ് കാര്യം. കനിവോടെയുള്ളൊരു പുഞ്ചിരി മതിയാകും, ചിലർക്കെങ്കിലും മുറിവിലുമ്മ വെക്കുന്നതുപോലെ സാന്ത്വനമേകാൻ.
നിസ്സഹായനായ ഒരു മനുഷ്യനെയെങ്കിലും ചേർത്തുപിടിച്ച്, നിർഭയത്വത്തിന്റെ അടയാളം ആവുമ്പോഴേ നമ്മുടെ ആത്മീയജീവിതമൊക്കെ അർത്ഥവത്താകൂ.

































