ജിദ്ദ: ഈ വർഷം ആദ്യ പാദത്തിൽ 120 ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റിയതായി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞ കൊല്ലം ആദ്യ പാദത്തിൽ റിയാദിലേക്ക് റീജ്യനൽ ആസ്ഥാനങ്ങൾ മാറ്റിയ കമ്പനികളുടെ എണ്ണത്തെക്കാൾ 447 ശതമാനം കൂടുതൽ കമ്പനികൾ ഈ കൊല്ലം ആദ്യ പാദത്തിൽ റിയാദിലേക്ക് റീജ്യനൽ ആസ്ഥാനങ്ങൾ മാറ്റി.
പെട്രോളിതര മേഖലയിലെ ശക്തമായ വളർച്ചയുടെയും സർക്കാർ പ്രഖ്യാപിച്ച തന്ത്രപ്രധാനമായ സംരംഭങ്ങളുടെയും ഫലമായി റീജ്യനൽ ആസ്ഥാനങ്ങൾ റിയാദിലേക്ക് മാറ്റാൻ ബഹുരാഷ്ട്ര കമ്പനികൾ കൂട്ടത്തോടെ മുന്നോട്ടുവരുന്ന കാഴ്ചയാണുള്ളത്. റീജ്യനൽ ആസ്ഥാനങ്ങൾ സൗദിയിലേക്ക് മാറ്റാത്ത ബഹുരാഷ്ട്ര കമ്പനികൾക്ക് സർക്കാർ പദ്ധതികളുടെയും ഗവൺമെന്റിന് ഭൂരിഭാഗം ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ കമ്പനികളുടെ പദ്ധതികളുടെയും കരാറുകൾ അനുവദിക്കുന്നത് ഈ വർഷാദ്യം മുതൽ വിലക്കിയിയിട്ടുണ്ട്.
സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിൽ 5.6 ശതമാനം വളർച്ച രേഖപ്പെടുത്തി. റിയാദിൽ ഓഫീസ് മേഖലയിൽ 3.4 ശതമാനം വാർഷിക വളർച്ചയുണ്ട്. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന് നടത്തുന്ന ശ്രമങ്ങളുടെ പിന്തുണയോടെ ഈ വർഷം സൗദിയിൽ മൊത്തം ആഭ്യന്തരോൽപാദനത്തിൽ ഓഫീസ് മേഖലയുടെ സംഭാവന അഞ്ചു ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബഹുരാഷ്ട്ര കമ്പനികളുടെ ഒഴുക്കിനിടെ റിയാദിൽ പ്രധാന ഓഫീസ് സ്പേസുകൾക്ക് ദൗർലഭ്യം അനുഭവപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് വിഭാഗത്തിൽ പെട്ട ഓഫീസുകളിൽ ഒക്യുപെൻസി നിരക്ക് 98 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതോടൊപ്പം ഓഫീസ് വാടകയും വലിയ തോതിൽ ഉയർന്നു. ഈ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ മൂന്നു ശതമാനവും കഴിഞ്ഞ കൊല്ലം രണ്ടാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ 13 ശതമാനവും തോതിൽ റിയാദിൽ ഓഫീസ് വാടക ഉയർന്നു. ഉത്തര റിയാദിലും വടക്കുകിഴക്കൻ റിയാദിലും ഓഫീസ് വാടകയിൽ 20 മുതൽ 23 ശതമാനം വരെ വാർഷിക വളർച്ചയുണ്ട്.
ടെക്നോളജി, മീഡിയ, ടെലികോം, കൺസൾട്ടൻസി, എൻജിനീയറിംഗ്, നിർമാണം, ഐ.ടി മേഖലകളിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികൾ റിയാദിലേക്ക് റീജ്യനൽ ആസ്ഥാനങ്ങൾ മാറ്റിയിട്ടുണ്ട്. സൗദിയിലേക്ക് റീജ്യനൽ ആസ്ഥാനങ്ങൾ മാറ്റുന്ന കമ്പനികളെ 30 വർഷത്തേക്ക് ആദായ നികുതിയിൽ നിന്ന് ഒഴിവാക്കൽ അടക്കമുള്ള പ്രോത്സാഹനങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും പ്രധാന ബഹുരാഷ്ട്ര കമ്പനികൾ റിയാദിലെ റീജ്യനൽ ആസ്ഥാനങ്ങൾക്ക് സ്വന്തമായി കെട്ടിടങ്ങൾ നിർമിക്കുന്നുമുണ്ട്.
































