മലപ്പുറം തിരൂരിൽ മാരക രാസ ലഹരിയുമായി യുവാക്കൾ അറസ്റ്റിൽ. വ്യത്യസ്ത സംഭവങ്ങളിലായി തിരൂർ വെട്ടം പച്ചാട്ടിരി സ്വദേശി കൂലിപ്പറമ്പിൽ ശ്രീജിത്ത്, മാങ്ങാട്ടിരി തെക്കുമുറി സ്വദേശി പുതിയത്ത് മുഹമ്മദ് സാദിഖ് എന്നിവരാണ് പിടിയിലായത്.
തിരൂർ പൊറ്റത്തെപ്പടിയിൽ നടത്തിയ പരിശോധയിലാണ് 12 ഗ്രാം എംഡിഎംഎയുമായി ശ്രീജിത്ത് പിടിയിലായത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് 8 ഗ്രാം രാസലഹരിയുമായി മുഹമ്മദ് സാദിഖിനെ തിരൂർ ഇൻസ്പെക്ടർ കെ ജെ ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ പി സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
മാങ്ങാട്ടിരി,പച്ചാട്ടിരി പ്രദേശങ്ങളിൽ യുവാക്കൾക്കിടയിൽ മാരകമായ രാസലഹരിയുടെ വിപണനം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിനെ നിയോഗിക്കുകയും മേഖലയിൽ പരിശോധനകൾ ഊർജ്ജിതമാക്കുകയും ചെയ്തിരുന്നു.
തിരൂർ ഡാൻസാഫ് സംഘത്തിനൊപ്പം സബ് ഇൻസ്പെക്ടർ കെ പ്രതീഷ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ ആർ രാജേഷ്, കെ ജിനേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സി അരുൺ, ഡി ധനേഷ് കുമാർ എന്നിവരാണ് പരിശോധനക്ക് ഉണ്ടായിരുന്നത്.
































