ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ ചൊവ്വാഴ്ച ഇന്ന് മുതൽ പുനരാരംഭിക്കും. കാർവാറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഇന്ന് ഗംഗാവലി പുഴയിൽ നാവികസേന പരിശോധന നടത്തും ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധനയും നടത്തും. പുഴയിലെ ഒഴുക്ക് മനസിലാക്കാൻ തിങ്കളാഴ്ച വൈകുന്നേരം നാവിക സേന സംഘം ഗംഗാവലി പുഴയിൽ പരിശോധന നടത്തിയിരുന്നു.
പുഴയിലെ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ദൗത്യം പുനരാരംഭിക്കുന്നത്. നേവിയുടെ നേതൃത്വത്തിൽ മാത്രമായിരിക്കും നാളത്തെ പരിശോധന. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് നിർത്തിവെച്ച ദൗത്യമാണ് ഏറെ അനിശ്ചിതത്വങ്ങൾക്കുശേഷം വീണ്ടും പുനരാരംഭിക്കുന്നത്.
ഉന്നതതല യോഗത്തിൽ ഉത്തര കന്നഡ ജില്ലാ കളക്ടർ, കാർവാർ എംഎൽഎ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അർജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.































