ഹർദീപ് സിംഗ് നിജ്ജാർ ഉൾപ്പെടെയുള്ള ഖാലിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വടക്കേ അമേരിക്കയിലെ ഇന്ത്യന്‍ എംബസികള്‍ക്ക് വിദേശകാര്യ മന്ത്രാലയം (എംഇഎ) ‘രഹസ്യ മെമ്മോറാണ്ടം അയച്ചുവെന്ന മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ.റിപ്പോര്‍ട്ട് വ്യാജവും പൂര്‍ണ്ണമായും കെട്ടിച്ചമച്ചതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പാകിസ്ഥാന്‍ ഇന്റലിജന്‍സ് പ്രചരിപ്പിച്ച വ്യാജ വാദമാണിതെന്നും ഇന്ത്യയ്ക്കെതിരായ തുടര്‍ച്ചയായ കുപ്രചരണത്തിന്റെ ഭാഗമാണ് ഈ റിപ്പോര്‍ട്ട് എന്നും അദ്ദേഹം ആരോപിച്ചു. അങ്ങനെയൊരു മെമ്മോറാണ്ടം ഇല്ല. പാകിസ്ഥാന്‍ ഇന്റലിജന്‍സ് പ്രചരിപ്പിച്ച വ്യാജ വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പേരുകേട്ടതാണ്. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ അത് ചെയ്യുന്നത് സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തി മാത്രമാണെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു.
കാനഡയിലെ സറേയില്‍ വെച്ച് നിജ്ജാര്‍ കൊല്ലപ്പെടുന്നതിന് രണ്ട് മാസം മുമ്പ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഒരു മെമ്മോറാണ്ടം അയച്ചെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലില്‍ അയച്ച മെമ്മോറാണ്ടം, നിജ്ജാറിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ വടക്കേ അമേരിക്കയിലെ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണ്.ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്ന നിരവധി ഖാലിസ്ഥാന്‍ ഭീകരരുടെ പേരുകള്‍ ഈ മെമ്മോയില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.
ഖാലിസ്ഥാനി ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.
സെപ്തംബറില്‍ ആരംഭിച്ച ഈ തര്‍ക്കം ഇതുവരെ പരിഹരിച്ചിട്ടില്ല. തുടക്കത്തില്‍ തന്നെ കാനഡയുടെ അവകാശവാദങ്ങള്‍ ഇന്ത്യ തള്ളുകയും തെളിവുകള്‍ ഹാജരാക്കാന്‍ ട്രൂഡോ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആരോപണങ്ങളെ അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വിശേഷിപ്പിച്ചാണ് ഇന്ത്യ തെളിവ് ചോദിച്ചത്. എന്നാല്‍ ഇന്ത്യയ്ക്ക് മുന്നില്‍ തെളിവുകള്‍ ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് രണ്ട് അജ്ഞാത തോക്കുധാരികളുടെ വെടിയേറ്റ് നിജ്ജാര്‍ കൊല്ലപ്പെട്ടത്.
































