പാർലമെൻ്റിൽനിന്ന് പുറത്താക്കിയ നടപടിക്കെതിരേ നിയമപോരാട്ടത്തിനൊരുങ്ങി തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്തു. നടപടിക്കെതിരേ ഡൽഹി ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാനാണ് നീക്കം.
ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് മഹുവയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്. അയോഗ്യയാക്കണമെന്ന എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ട് ലോക്‌സഭ അംഗീകരിക്കുകയായിരുന്നു.
എന്നാൽ മഹുവയെ പുറത്താക്കാനുള്ള വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. മഹുവയെ സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും സ്‌പീക്കർ തള്ളിയിരുന്നു.
തന്റെ വാദം കേൾക്കാൻ എത്തിക്‌സ് കമ്മിറ്റി തയാറായില്ലെന്നും തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും മഹുവ പ്രതികരിച്ചിരുന്നു.
നിയമപോരാട്ടത്തിന് മഹുവയ്ക്ക് പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസും ഇന്ത്യാ മുന്നണി നേതാക്കളും അറിയിച്ചിരുന്നു.































