കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ. പ്രദേശത്തെ മോശം കാലാവസ്ഥയും ഗംഗാവാലി നദിയിലെ കനത്ത അടിയൊഴുക്കും മൂലം രക്ഷാപ്രവർത്തകർക്ക് തെരച്ചിൽ പൂർണതോതിൽ നടത്താനാകുന്നില്ല. ഷിരൂർ ഉൾപ്പെടുന്ന ഉത്തര കന്നഡയിൽ അടുത്ത മൂന്ന് ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കണമെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു. നാവികർക്ക് സുരക്ഷിതമായി നദിയിൽ ഇറങ്ങാനുള്ള സാഹചര്യം ഉണ്ടാകണം. ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലാണെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാനാകില്ല. ആറ് നോട്ടിലാണ് ഇപ്പോൾ ഒഴുക്ക്. നിലവിൽ കാത്തിരിക്കുക അല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ലെന്നും കാലാവസ്ഥ അനുകൂലമാകാതെ ഒന്നും ചെയ്യാനാകില്ലെന്നും കലക്ടർ വ്യക്തമാക്കി.
അർജുന് വേണ്ടി നേവിയുടെ സ്‌കൂബ സംഘം ഡീപ് ഡൈവിങ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അർജുന്റെ ലോറി കണ്ടെത്തിയത് റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ്. ഇവിടെ ഇന്ന് രാത്രി ഡ്രോൺ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കനത്ത മഴ തിരിച്ചടിയായി. ലോറിയുടെ ഉളളിൽ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് രാത്രിയിലെ പരിശോധന നിശ്ചയിച്ചത്. തണുത്ത കാലാവസ്ഥയിൽ ഡ്രോൺ പരിശോധന നടത്തിയാൽ മനുഷ്യസാന്നിദ്ധ്യം തിരിച്ചറിയാമെന്ന കണക്കുകൂട്ടലിൽ ആയിരുന്നു ഇത്.
































