തലവടി: കുട്ടനാട് താലൂക്കിൽപ്പെട്ട തലവടി പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള അരിത്തോടിന്റെ കയ്യ് വഴിയായ വട്ടടി തോടിന്റെ കരഭാഗം സ്വകാര്യ വ്യക്തി കയ്യേറിയെന്ന് കാണിച്ച് തലവടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിന് എതിരെ തലവടി കുറ്റിയിൽ പുത്തൻപറമ്പിൽ മാത്തുണ്ണി കോശി നൽകിയ അപ്പീൽ രണ്ട് മാസത്തിനകം പരിഗണിച്ച് തീരുമാനിക്കുവാൻ ഹൈക്കോടതി തലവടി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മാത്തുണ്ണി കോശിയുടെ പൂർവ്വീകർ മുതൽ കൈവശം വച്ച് വന്നിരുന്ന വസ്തുവിന്റെ ഒരു ഭാഗം റോഡ് നിർമാണതിന് വിട്ടു നൽകുകയും റോഡിനു പടിഞ്ഞാറ് വശത്തായി മാത്തുണ്ണി കോശി കൈവശ അനുഭവത്തിൽ വച്ചിരുന്ന വസ്തുവും അതിലുള്ള തെങ്ങ് ഉൾപ്പെടെയുള്ള വൃക്ഷങ്ങളും റവന്യൂ പുറം പോക്ക് ഭൂമിയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ തെങ്ങിൽ നിന്നും മറ്റും വർഷങ്ങളായി മാത്തുണ്ണി കോശി നാളികേരവും മറ്റും എടുത്ത് അനുഭവിച്ച് വരുകയായിരുന്നു
മാത്തുണ്ണി കോശി റവന്യൂ പുറം പോക്ക് ഭൂമി കയ്യേറിയെന്നും അത് ഉടനെ ഒഴിഞ്ഞു മാറണമെന്നാവശ്യപ്പെട്ട് മൈനർ ഇറിഗേഷന്റെ നിർദ്ദേശ പ്രകാരം തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാത്തുണ്ണി കോശിക്ക് പിഴ ചുമത്തി നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ മാത്തുണ്ണി കോശി പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ അപ്പീൽ സമർപ്പിക്കുകയും അപ്പീൽ പരിഗണിക്കാതെ പഞ്ചായത്ത് സെക്രട്ടറി മാത്തുണ്ണി കോശിക്ക് വീണ്ടും നോട്ടീസ് നൽകിയിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് അഡ്വൊക്കേറ്റ് കെ.രാജേഷ് കണ്ണൻ മുഖേന മാത്തുണ്ണി കോശി ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി പഞ്ചായത്തിന്റെ നോട്ടീസിൻ മേൽ ഉള്ള നടപടികൾ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയും രണ്ട് മാസത്തിനുള്ളിൽ പഞ്ചായത്ത് സെക്രട്ടറി മാത്തുണ്ണി കോശി സമർപ്പിക്കപ്പെട്ട അപ്പീൽ കേട്ടു തീരുമാനിക്കുവാനും നിർദ്ദേശിച്ച് ഉത്തരവായി.
































