കോട്ടയം: ചോറും നൽകാത്തതിൻ്റെ പേരിൽ മാതാവിനെ കനാലിൽ വെള്ളത്തിൽ ചവിട്ടി താഴ്ത്തി കൊലപ്പെടുത്തിയ മകനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഉദയനാപുരം ഭാഗത്ത് കൊച്ചുത്തറത്താഴ്ചയിൽ വീട്ടിൽ താമസക്കാരിയായിരുന്ന 73 വയസ്സുള്ള നന്ദായിനിയെ മകൻ ബൈജു 2020 ജനുവരി 22 – നാണ് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ബൈജുവിന് അമ്മ നന്ദായിനി ചോറു വിളമ്പി നൽകാത്തതിനെ തുടർന്ന് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിൽ പ്രതി അറുംകൊല ചെയ്തത്.അന്നത്തെ വൈക്കം പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ ആയിരുന്ന കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടി കുറ്റപത്രം കോടതിയെ സമർപ്പിച്ചത്.
കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ( സ്പെഷ്യൽ ജഡ്ജ് ജെ നാസർ ) ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം തടവും കൂടി അനുഭവിക്കേണ്ടതായി വരും ദൃക്സാക്ഷികൾ ഇല്ലായിരുന്ന കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. നിസ്സാര കാര്യത്തിന് സ്വന്തം മാതാവിനെ കൊല്ലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സിറിൽ തോമസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്മാരുടെയും പ്രോസിക്യൂഷൻ്റെയും ശക്തമായ ഇടപെടലാണ് പ്രതിയെ ശിക്ഷിക്കുവാനുള്ള കാരണമായത്.

































