അധികാരത്തിലിരിക്കുന്ന പാർട്ടിയാണ് സംഭാവനക്കാരോട് പ്രതികാരം ചെയ്യുകയെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനെ ഓർമിപ്പിച്ചു. സംഭാവനക്കാരെ കുറിച്ചുള്ള വിവരം ഭരണകക്ഷിക്ക് കിട്ടാൻ എളുപ്പമാണെന്നും അതാണ് പദ്ധതിയിലെ ഭയമെന്നും തെരഞ്ഞെടുപ്പ് ബോണ്ടുകൾക്കെതിരായ കേസിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സംഭാവനക്കാർ ഇരയാക്കപ്പെടുമെന്നത് കൊണ്ടാണ് അവരുടെ പേര് തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയിൽ രഹസ്യമാക്കിയതെന്ന കേന്ദ്രത്തിന്റെ ന്യായം തള്ളിയാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ജസ്റ്റിസ് ബി.ആർ. ഗവായ് ഇക്കാര്യമുണർത്തിയത്.
തെരഞ്ഞെടുപ്പ് ഫണ്ടിലേറെയും പോകുന്നത് ഭരണകക്ഷിക്കാണ്. പ്രതിപക്ഷത്തേക്കല്ല. അതിനാൽ സോളിസിറ്റർ ജനറൽ അവതരിപ്പിച്ച കണക്ക് പ്രകാരം സംഭാവനക്കാർ ഇരയാക്കപ്പെടുമെന്നത് കൊണ്ടാണ് അവരുടെ പേര് വെളിപ്പെടുത്താത്തതെന്ന ന്യായം യുക്തിസഹമല്ല. കാരണം അധികാരത്തിലിരിക്കുന്ന പാർട്ടിയാണ് പ്രതിപക്ഷത്തുള്ള പാർട്ടിയല്ല പ്രതികാര നടപടി എടുക്കുക. തെരഞ്ഞെടുപ്പ് ബോണ്ടുകളുടേത് ചിലർക്ക് മാത്രം ബാധകമായ രഹസ്യസ്വഭാവമാണ്. സംഭാവനക്കാരെക്കുറിച്ചുള്ള വിവരം ഭരണകക്ഷിക്ക് കിട്ടാൻ എളുപ്പമാണ്. അതാണ് ഭയവും. ഭരണകക്ഷിക്ക് ആരാണ് സംഭാവന കൊടുത്തുവെന്ന് പ്രതിപക്ഷത്തിനറിയാനാവില്ല. എന്നാൽ പ്രതിപക്ഷത്തിന് സംഭാവന നൽകിയവരെ ഭരണകക്ഷിക്കറിയാനാകുകയും ചെയ്യും.
ഒരു കമ്പനി വാങ്ങിയ തെരഞ്ഞെടുപ്പ് ബോണ്ടുകൾ എത്രയെന്ന് ഭരണകക്ഷിക്ക് അറിയില്ലേ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. എന്നാൽ ഈ നിഷേധം ചീഫ് ജസ്റ്റിസ് തള്ളി. ഭരണകക്ഷിക്ക് അതറിയുമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഒരു കമ്പനിയുടെ പണം ഏത് വഴിക്ക് പോയെന്ന് അതിന്റെ ബാലൻസ് ഷീറ്റ് നോക്കിയാലറിയുമെന്ന് ഓർമിപ്പിച്ചു.































