2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സിപി എമ്മിന് പശ്ചിമ ബംഗാൾ ആവർത്തിക്കുമെന്ന് കെപിസിസി മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.
നിയമസഭയിൽ 99 മണ്ഡലങ്ങളിൽ ജയിച്ച എൽഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 ഇടങ്ങളിൽ മാത്രം മുന്നിലെത്തിയത് ബംഗാളിലെ പോലെ കേരളത്തിലും സിപിഎമ്മിൻ്റെ വേരറ്റുവെന്നതിൻ്റെ സൂചനയാണ്. സ്വന്തം മണ്ഡലങ്ങളിൽ പിന്നിലായ 18 മന്ത്രിമാർക്ക് തൽസ്ഥാനത്ത് തുടരാൻ ധാർമിക അവകാശമില്ല.
ബംഗാളിൽ 34 വർഷത്തെ തുടർഭരണത്തിൽ സംഭവിച്ചതുപോലെ കേരളത്തിൽ 10 വർഷത്തെ തുടർ ഭരണത്തോടെ സിപിഎമ്മിൻ്റെ ശവക്കുഴി തോണ്ടും. ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയെപോലെ കേരളത്തിൽ പിണറായി വിജ യൻ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് തുരുത്തായ കേരളം അപ്രത്യക്ഷമാകും.
രാഹുൽ ഗാന്ധിയുടെ ഫോട്ടോ വച്ചാണ് സിപിഎമ്മിൻ്റെ നാലു സീറ്റിൽ മുന്നിടത്തും ജയിച്ചത്. രാഹുൽ ഗാന്ധിയെ പരസ്യമായി നിന്ദിച്ച സിപിഎമ്മിനു കേരളത്തിലെ ജനങ്ങൾ ശക്തമായ തിരിച്ചടി നൽകിയെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.































