സ്ത്രീധനത്തിനെതിരെ പെൺകുട്ടികൾ ശക്തമായി പ്രതികരിക്കാൻ തയാറാകണമെന്ന്ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആത്മഹത്യ ചെയ്‌ത ഡോ. ഷഹനയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസെടുക്കാൻ പൊലീസ് വൈകിയിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കി.
പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്ന് പണം ആവശ്യപ്പെടുന്നത് ക്രൂരമായ സമ്പ്രദായമാണ്. ഈ സമ്പ്രദായത്തിനെതിരെ പ്രതികരിക്കാനായി പെൺകുട്ടികളെ പരുവപ്പെടുത്താൻ മാതാപിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. ഈ സമ്പ്രദായം കേരളത്തിന് ഗുണ്ടകരമല്ല. സ്ത്രീധനത്തിനെതിരെ സമൂഹത്തിനും പെൺകുട്ടികൾക്കും ബോധവത്കരണം നടത്തണമെന്നും ഗവർണർ വ്യക്തമാക്കി.
മെഡിക്കൽ കോളജ് സർജറി വിഭാഗം പി.ജി വിദ്യാർഥിനി ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. റുവൈസിനെ ഡിസംബർ 21 വരെ റിമാൻഡിൽവിട്ടു. ഐ.പി.സി 306 (ആത്മഹത്യ പ്രേരണ), സ്ത്രീധന നിരോധന നിയമം നാലാംവകുപ്പ് എന്നീ വകുപ്പുകൾ ചുമത്തിയാണ് റുവൈസിനെതിരെ കേസെടുത്തത്.
ഡോ. ഷഹനയുടെ ആത്മഹത്യ കുറിപ്പിൽ പ്രതി ഡോ. റുവൈസിനെതിരെ പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുന്നതിൽ പൊലീസ് വൈകിപ്പിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. പ്രതിയുടെ പേരും ഷഹനയുടെ ആത്മഹത്യക്ക് വഴിവെച്ച കാരണങ്ങളും ആദ്യം മറച്ചുവെച്ച പൊലീസ് പിന്നീട് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.































