സ്‌കൂളുകളിലെ പഠനസമയത്തിൽ മാറ്റം കൊണ്ടുവരണമെന്നതുൾപ്പെടെയുള്ള സുപ്രധാന നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ടിന് മന്ത്രിസഭാ യോഗത്തിൻന്റെ അംഗീകാരം.
സ്‌കൂളുകളിലെ പഠനസമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാക്കണമെന്ന നിർദേശമാണ് ഡോ.എം.എ. ഖാദർ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയുടെ രണ്ടാം റിപ്പോർട്ടിലെ നിർദേശം.
അതേസമയം പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച് സ്‌കൂളുകൾക്കു സമയം ക്രമീകരിക്കാമെന്നും റിപ്പോർട്ടിലെ നിർദേശങ്ങൾ ഓരോന്നും പ്രത്യേകമായി പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാവു എന്ന വ്യവസ്ഥയോടെയാണു റിപ്പോർട്ടിനു മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകിയത്.
പ്രീ സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവയുടെ പഠനസമയം പ്രാദേശിക സമൂഹം തീരുമാനിക്കുന്നതായിരിക്കും ഉചിതമെന്നാണു നിർദേശം. നാലു നാലര മണിക്കൂർ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചാൽ മതി.
പഠനസമയത്തിനു പുറമേ രണ്ടു മുതൽ നാലുവരെ കലാകായിക അഭിരുചി പ്രവർത്തനങ്ങൾക്കും ലൈബ്രറി, ലബോറട്ടറി, തൊഴിൽ വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുമായി വിനിയോഗിക്കാം. എന്നാൽ, നിലവിലെ സാമൂഹിക സാഹചര്യം ഇത്തരമൊരു സമയമാറ്റത്തി നു പരുവപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച് ആവശ്യമായ ചർച്ച കൾക്കുശേഷമേ തീരുമാനമെടുക്കാവു എന്നും ശനിയാഴ്‌ചകൾ കുട്ടികളുടെ സ്വാതന്ത്ര്യദിനമായി മാറണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അധ്യാപകരുടെ സ്ഥാനക്കയറ്റം സീനിയോറിറ്റി അടിസ്ഥാനത്തിൽ നടത്തുന്നതിനു പകരം കഴിവും അഭിരുചിയും പരിഗണിച്ചു നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ഇതു നടപ്പാക്കുമ്പോൾ സുതാര്യമായി വേണമെന്നും അതിനു കഴിയുന്ന തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.
അധ്യാപക തസ്തികനിർണയം കാലോചിതമായി പരിഷ്കരിക്കണം, പഠനമാധ്യമം മാതൃഭാഷയാകണം, ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. പാഠ്യേതര മേഖലയിലെ മികവിനു നൽകുന്ന ഗ്രേസ് മാർക്ക് തുടരണമെന്നു നിർദേശിക്കുന്ന റിപ്പോർട്ടിൽ ഗ്രേസ് മാർക്കിനു നിയന്ത്രണം കൊണ്ടുവരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ള നിർദേശങ്ങൾ പലതും വിവാദമാകാനിടയുള്ളതിനാൽ പരിശോധിച്ചു മാത്രമേ നടപ്പിലാക്കാവൂ എന്നാണ് തത്വത്തിൽ അംഗീകരിച്ചിട്ടുള്ളത്. അതിനാൽ ഓരോ നിർദേശവും നടപ്പാക്കുന്നതിനു മന്ത്രിസഭയുടെ ഉൾപ്പെടെ പ്രത്യേക അംഗീകാരം ആവശ്യമായി വരും.
































