ശബരിമലയിൽ സ്വാഭാവികമായ തിരക്ക് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും, അത് മനഃപ്പൂർവ്വം ചിലർ വിവാദമാക്കാൻ ശ്രമിച്ചുവെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. “കഴിഞ്ഞ സീസണിൽ അതേ എണ്ണം ആളുകൾ തന്നെയാണ് ഈ വർഷവും വന്നത്. തിരക്ക് മനഃപ്പൂർവ്വം ചിലർ വിവാദമാക്കാൻ ശ്രമിച്ചു. ശബരിമലയിൽ ഭൗതിക സാഹചര്യം ഒരുക്കാത്തതിന്റെ പ്രശ്നമല്ല. വിർച്ച്വൽ ക്യൂ എണ്ണം കുറയ്ക്കും. സ്പോട്ട് ബുക്കിങ്ങിന്റെ എണ്ണവും കുറയ്ക്കും,” മന്ത്രി പറഞ്ഞു
“എല്ലാവർക്കും പോകാവുന്ന ക്ഷേത്രമാണ് ശബരിമല. ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് ഹിന്ദു ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ സർക്കാർ 548 കോടി രൂപ ഖജനാവിൽ നിന്നും കൊടുത്തു. ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പാണെന്ന് ആർക്കും വ്യക്തമാകും. ചില മാധ്യമങ്ങൾ അനാവശ്യ ആശങ്ക ഉണ്ടാക്കുന്നു. ശബരിമലയിൽ പൊലിസിൻ്റെ എണ്ണം കുറച്ചിട്ടില്ല. കഴിഞ്ഞ വർഷം നിയോഗിച്ച എണ്ണം പൊലിസുകാരെ ഈ വർഷവും നിയോഗിച്ചിട്ടുണ്ട്,” ദേവസ്വം മന്ത്രി പറഞ്ഞു.
അതേസമയം, സന്നിധാനത്ത് തിരക്കിന് നേരിയ കുറവുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും നിരവധി ഭക്തർ പതിനെട്ടാം പടി കയറാനാകാതെ മലയിറങ്ങി തിരിച്ചുപോകുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രായമായവർക്കും കുട്ടികൾക്കും തിരക്കിൽ സുഖദർശനം സാധ്യമാകാത്ത ഗതികേടും വരുന്നുണ്ട്. അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ അപാകതകളുണ്ട്. ക്യൂവിൽ നിൽക്കുന്നവരെ മറികടന്ന് പലരും അരികുവശങ്ങളിലൂടെ കയറി പോകുന്നത്, മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്നവരുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്
































