കോഴിക്കോട് : മുസ്ലിം ലീഗ് നിലവിലുള്ള രണ്ട് സീറ്റുകൾക്ക് പുറമേ മൂന്നാമത് ഒരു സീറ്റുകൂടി ആവിശ്യപ്പെട്ടിരിക്കുകയാണ്. കോൺഗ്രസിനെ സംബന്ധിച്ച് ലീഗിന് മുന്നിൽ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടതായി വരും. കാരണം സി.പി.എമ്മിന് മുൻപ് ലീഗ് വർഗീയ പാർട്ടിയായിരുന്നു എങ്കിൽ ഇന്ന് ആ സ്ഥിതി അവർ മാറ്റി. എങ്ങനെയെങ്കിലും യുഡിഎഫിൽ നിന്നും ലീഗിനെ അടർത്തിയെടുക്കണമെന്ന ലക്ഷ്യമാണ് ഇപ്പോൾ അവർക്ക് ഉളളത്. മൂന്നാം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.
നാളെ യുഡിഎഫ് യോഗം വിളിച്ചിരുന്നു എന്നാൽ അത് മാറ്റി ലീഗുമായി മാത്രമുള്ള ചർച്ച നടത്തുവാനുള്ള തീരുമാനത്തിനാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം കഴിഞ്ഞ ദിവസം പറഞ്ഞത് മൂന്നാം സീറ്റ് തീരുമാനത്തിൽ പ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടെന്നും 25 – ന് അപ്പുറം പോകരുതെന്നുമാണ്. മലപ്പുറം അടക്കം ഇടതുമുന്നണി അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം സീറ്റിൻ്റെ കാര്യത്തിൽ മുൻപെങ്ങുമില്ലാത്ത വാശിയിലാണ് ലീഗ്.
എന്തും നേടാമെന്ന പ്രതീക്ഷ ലീഗിന് ഇപ്പോൾ ഉണ്ട്. ഇടതു മുന്നണിക്ക് ലീഗിനോടുള്ള മുഹബത്ത് മൂന്നാം സീറ്റ് കാര്യത്തിൽ ലീഗിന് ഏറെ ഗുണംചെയ്യും. ലീഗ് ആഗ്രഹിക്കുന്ന സീറ്റ് കണ്ണൂരാണ് ഇപ്പോൾ അവിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് നിലവിലെ പാർലമെന്റ് അംഗം. കണ്ണൂർ സീറ്റ് കിട്ടുകയാണെങ്കിൽ ലീഗിന്റെ ശക്തനായ നേതാവ്
കെ.എം ഷാജിയെ മത്സരിപ്പിക്കാം എന്ന ആഗ്രഹമാണ് പാർട്ടിക്കുള്ളത്. മലപ്പുറം പൊന്നാനി മണ്ഡലങ്ങളിൽ യഥാക്രമം അബ്ദുൽ സമദ് സമദാനിയും ഇ.ടി. മുഹമ്മദ് ബഷീറും തന്നെ മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് കൂടുതൽ സീറ്റ് അർഹതയുണ്ടെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടിരുന്നു. മുരളീധരന്റെ അഭിപ്രായത്തെ യുഡിഎഫ് കൺവീനർ എം.എം.ഹസൻ തള്ളിയിരുന്നു. എന്നാൽ തന്നെയും ലീഗിന്റെ ആവിശ്യത്തിൽ നിന്നും കോൺഗ്രസ് നേതൃത്വത്തിന് പിന്നോട്ട് പോകാൻ കഴിയില്ല.
മുസ്‌ലിം ലീഗ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയ കെഎസ് ഹംസയാണ് പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി. കാന്തപുരം വിഭാഗത്തിന്റെ സമ്മർദ്ദത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊന്നാനിയിൽ കെഎസ് ഹംസക്ക് സിപിഎം സീറ്റ് നൽകിയതെന്ന് പറയപ്പെടുന്നു. കാന്തപുരം വിഭാഗവുമായി സിപിഎമ്മിന് വളരെയേറെ അടുപ്പമാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം കാന്തപുരം വിഭാഗം സിപിഎം അനുകൂല നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത് അതിന്റെ ഒരു തുടർച്ച മാത്രമാണിത്.

































