നവകേരള ബസിനു മുന്നിൽ ചാടി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം. തല്ലുകൊണ്ടതും വണ്ടിക്കു മുന്നിൽ ചാടിയതും ജനങ്ങൾക്കു വേണ്ടിയാണ്. ജനകീയ സമരങ്ങൾ ശക്തി പ്രാപിക്കേണ്ട കാലം വളരെയധികം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഞ്ചരിക്കുന്ന രക്ഷസ വാഹനത്തെ ചെളിയിൽനിന്ന് തള്ളിക്കയറ്റുക. നല്ല തമാശകളാണ് നടക്കുന്നത്. ഇതിനായി ചിലവഴിച്ചിരുന്ന പണമെടുത്ത് പെൻഷൻകാർക്ക് നൽകിയാൽ മതിയായിരുന്നു. അവരുടെ പ്രാർഥനയെങ്കിലും ഉണ്ടാകുമായിരുന്നു. ഇതിപ്പോൾ പാർട്ടിയെ കനപ്പിക്കാനും പാർട്ടിയലെ ചില വ്യക്തികളെ കനപ്പിക്കാനുമുള്ള ധൂർത്തിനായി നടത്തുന്ന പരിപാടിയാണിത്.
പ്രതിപക്ഷം ഏതു പാർട്ടിയുമാകട്ടെ. അവർ ജനങ്ങളുടെ ശബ്ദമായിരിക്കണം. ഏത് രാഷ്ട്രീയ പാർട്ടിയായാലും ശരി ജനങ്ങൾ അവരെ അകമഴിഞ്ഞ് പിന്തുണയ്ക്കണമെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. കാരണം നിങ്ങൾക്കു വേണ്ടിയാണ് അവർ വണ്ടിക്കു മുന്നിൽ ചാടിയത്. നിങ്ങൾക്കു വേണ്ടി തന്നെയാണ് അടികൊണ്ടതും ആശുപത്രിയിൽ കിടക്കുന്നതും. അവർ യൂത്ത് കോൺഗ്രസ് ആയതുകൊണ്ട് അവരോടു ദൂരം കൽപ്പിക്കണമെന്ന് ആരും പറയില്ല. അങ്ങനെ പറഞ്ഞാൽ തന്നെ പറഞ്ഞവരോട് മാത്രമേ എനിക്ക് ദൂരം കൽപ്പിക്കാനുള്ളൂവെന്നും സുരേഷ് ഗോപി പ്രതികരിച്ചു.































