മുണ്ടക്കെെ, ചൂരൽമല പ്രദേശങ്ങളിൽ ഇനി നിർമ്മാണ പ്രവർത്തനങ്ങൾ വേണോ എന്നത് സർക്കാർ നയപരമായ തീരുമാനിക്കേണ്ട കാര്യമാണെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായി. ഉരുൾപൊട്ടിയ പുഞ്ചിരിമട്ടത്ത് ഇനിയുള്ള വീടുകളിൽ താമസം സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ്.
പുഞ്ചിരിമട്ടത്ത് പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഉരുൾ പൊട്ടൽ മേഖലയിൽ ഉണ്ടായത് ശക്തമായ മഴയാണെന്നും മൂന്നു ദിവസം കൊണ്ട് 570 മില്ലീമീറ്റർ മഴ ഉണ്ടായെന്നും വിദഗ്ധ സംഘം പറഞ്ഞു. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള പ്രദേശത്ത് സംഘം പരിശോധന നടത്തി.
ഇതിന് മുമ്പ് മൂന്ന് തവണ ഇതേപോലെ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്.ഉരുൾപൊട്ടി സീതമ്മക്കുണ്ടിൽ താൽക്കാലിക ഡാം പോലെ ഉണ്ടായി. ആ ജലസംഭരണി പൊട്ടി ഒലിച്ചത് കൊണ്ടാണ് എട്ടു കിലോമീറ്റർ ദൂരത്തിൽ ദുരന്തം ഉണ്ടായത്.
വനപ്രദേശം ആയത് കൊണ്ട് മരങ്ങൾ കൂടി താഴേക്ക് പതിച്ചത് ദുരന്തത്തിൻ്റെ ആഘാതം കൂട്ടിയെന്നും ജോൺ മത്തായി പറഞ്ഞു.ഇപ്പോൾ നടത്തിയ പരിശോധയുടെ പ്രാഥമിക റിപ്പോർട്ട് പത്ത് ദിവസത്തിനകം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
































