പി.സി ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം (സെക്യുലർ) പാർട്ടി എൻഡിഎയിലേക്ക്. ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുമായി ചേർന്ന് നിൽക്കുന്ന രാഷ്ട്രീയമായിരിക്കും പാർട്ടിക്ക് ഉണ്ടാകുക എന്നാണ് കോട്ടയത്ത് ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തത്. എൻഡിഎ സംസ്ഥാന നേതൃയോഗം കോട്ടയത്ത് നടക്കുന്ന സമയം തന്നെയാണ് ജനപക്ഷത്തിന്‍റെ എൻഡിഎ പ്രവേശന തീരുമാനം.
അതേസമയം എൻഡിഎ മുന്നണി നേതൃത്വവുമായോ ബിജെപി നേതൃത്വവുമായോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ചർച്ചകൾ നടന്നിട്ടില്ല. അതിനായി പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനം അനുസരിച്ച് ബിജെപി- എൻഡിഎ നേതൃത്വങ്ങളുമായി ചർച്ച നടത്തുന്നതിന് പി.സി ജോർജ്, ഇ.കെ ഹസ്സൻകുട്ടി, ജോർജ് ജോസഫ് കാക്കനാട്ട്, എം.എസ് നിഷ, പി.വി വർഗീസ് എന്നിവർ അംഗങ്ങളായ അഞ്ചംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. വർക്കിങ് ചെയർമാൻ ഇ.കെ ഹസ്സൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി ചെയർമാൻ പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. ലോകത്തിനും രാജ്യത്തിനും ഒരു പോലെ സ്വീകാര്യനായ, ഇന്ത്യയുടെ വളർച്ചയ്ക്ക് ഏറെ സംഭാവന നൽകുകയും ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതാണ് രാജ്യ താല്പര്യങ്ങൾക്ക് ഉത്തമം എന്നാണ് യോഗം വിലയിരുത്തിയത്.
കാർഷിക മേഖലയിൽ മോദി സർക്കാർ വലിയ വിപ്ലവങ്ങൾക്ക് നേതൃത്വം കൊടുക്കുമ്പോൾ കേന്ദ്രസർക്കാരിന്‍റെ പദ്ധതികൾക്ക് തുരങ്കം വെക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പലതും സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിക്കുകയാണ്. ഇടതുപക്ഷ മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായ റബറിന് 250 രൂപ ഉറപ്പുവരുത്തും എന്ന പ്രഖ്യാപനം നടപ്പിലാക്കിയിട്ട് വേണം കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാനെന്ന് യോഗം ഉദ്ഘാടനം ചെയ്ത് പി.സി ജോർജ് പറഞ്ഞു. അഡ്വ.ഷൈജോ ഹസൻ, സെബി പറമുണ്ട, ജോൺസൺ കൊച്ചുപറമ്പിൽ, ജോർജ് വടക്കൻ, പ്രൊഫ. ജോസഫ് ടി ജോസ്, പി.എം വത്സരാജ്, സജി എസ് തെക്കേൽ, ബാബു എബ്രഹാം, ബെൻസി വർഗീസ്, ഇ.ഒ.ജോൺ, ബീനാമ്മ ഫ്രാൻസിസ്, സുരേഷ് പലപ്പൂർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
































