സംസ്ഥാന സർക്കാരിന്റെ നവ കേരള സദസ്സ് പൂർത്തിയായതിന് പിന്നാലെ മന്ത്രിസഭാ പുഃന സംഘടനയുടെ ചർച്ചകളിലേക്ക് കടക്കാൻ എൽ ഡി എഫ്. നവ കേരള സദസ്സ് ഇന്നലെയാണ് സമാപിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് എൽ ഡി എഫ് യോഗം ചേരുന്നത്. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ മന്ത്രിസഭാ പുഃന സംഘടന ചർച്ചയാവും.
മുന്നണിയിൽ ഒറ്റ എം എൽ എ മാത്രമുള്ള നാല് പാർട്ടികൾ തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടാക്കിയ ധാരണപ്രകാരമാണ് മന്ത്രി സ്ഥാനങ്ങളിൽ മാറ്റം ഉണ്ടാവുക. മന്ത്രിമാരായ ആന്റണി രാജുവും, അഹമ്മദ് ദേവർകോവിലും മാറി പകരം ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. ആന്റണി രാജുവും, അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം രാജി വെച്ചിട്ടുണ്ട്. ഇനി പകരം പേര് പ്രഖ്യാപിക്കുകയേ വേണ്ടൂ.
സത്യപ്രതിജ്ഞ തീയതിയിലും ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയാൽ നടക്കേണ്ട പുഃന സംഘടന നീണ്ടുപോയത് നവ കേരള സദസ്സ് മൂലമായിരുന്നു.
എൽ ഡി എഫ് ധാരണ പ്രകാരം മന്ത്രിസഭ രണ്ടര വർഷം പൂർത്തിയാക്കിയത് നവംബർ 20 ന് ആയിരുന്നു പുനഃ സംഘടന നടക്കേണ്ടിയിരുന്നത്. എന്നാൽ നവംബർ 18 ന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങൾ തോറും നവ കേരള സദസ് പര്യടനത്ത് ഇറങ്ങാൻ തീരുമാനിച്ചപ്പോൾ പുനഃ സംഘടന നീണ്ടുപോയി. ഇന്നലെയാണ് നവ കേരള സദസ്സ് അവസാനിച്ചത്.
പുനഃ സംഘടന നവ കേരള സദസിന് മുൻപ് നടത്തണം എന്ന് കേരളാ കോൺഗ്രസ് ബി മുന്നണിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മറിച്ചായിരുന്നു. കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ മാസം 18 ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ട് ഇന്നലെയാണ് സമാപിക്കുന്നത്.
































