കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചു പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും ജംക്ഷനിലും കോൺഗ്രസ് ഉപരോധം പുലർച്ചെ രണ്ടുവരെ നീണ്ടു. ഒടുവിൽ ഇന്നു പുലർച്ചെ 1.55ന് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചതോടെ രണ്ടു മണിയോടെയാണു സമരം അവസാനിപ്പിച്ചത്. പൊലീസ് സമവായത്തിലെത്താൻ വിമുഖത കാട്ടിയതോടെയാണ് ഉപരോധ സമരം ആറുമണിക്കുലേറെ നീണ്ടത്.
പുലർച്ചെ രണ്ടു മണി വരെ ഉപരോധം നീണ്ടു പ്രതിഷേധം കനത്തതോടെ അറസ്റ്റിലായവരെ വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്ട്രേട്ടിനു മുന്നിൽ പൊലീസ് ഹാജരാക്കി പ്രവർത്തകർക്കു ജാമ്യം ലഭിച്ചതോടെയാണു ജനപ്രതിനിധികൾ അടക്കമുള്ളവർ പൊലീസ് സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചത്
ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ.വിനോദ്, ഉമ തോമസ്, അൻവർ സാദത്ത്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വർഗീസ്, അബ്‌ദുൾ മുത്തലിബ്, രാജു പി നായർ, വി കെ മിനിമോൾ, അബിൻ വർക്കി തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌റ്റേഷന്റെ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംഭവമറിഞ്ഞു കൂടുതൽ പ്രവർത്തകരെത്തി പാലാരിവട്ടം ജംക്ഷനിൽ റോഡ് ഉപരോധിച്ചു. രണ്ടു മണിക്കൂറോളം വാഹനഗതാഗതവും തടസ്സപ്പെട്ടു. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ വഴിയിൽ കുടുങ്ങി ഗതാഗതക്കുരുക്കിൽ വലഞ്ഞ യാത്രക്കാരും സമരക്കാരും തമ്മിൽ ഇതിനിടെ വാക്കേറ്റവും സംഘർഷവുമുണ്ടായി.
































