കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് അറസ്‌റ്റിലായ വിധികർത്താവിനെ കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി കേസിലെ ഒന്നാം പ്രതിയും മാർഗംകളി മത്സരത്തിലെ വിധികർത്താവുമായ കണ്ണൂർ സൗത്ത് റെയിൽവേ സ്‌റ്റേഷനു സമീപം സദാനന്ദാലയത്തിൽ ഷാജി പൂത്തട്ടയെ (പി.എൻ. ഷാജി-51) ആണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് 6.45 നാണ് സംഭവം. രാവിലെ മുറിയിൽ കയറിയ ഷാജി വൈകിട്ട് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടത് സിറ്റി പൊലീസ് സ്‌ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. താൻ നിരപരാധിയാണെന്നും ഇതുവരെയും പൈസ വാങ്ങിയിട്ടില്ലെന്നും അർഹതപ്പെട്ടതിനു മാത്രമാണ് കൊടുത്തതെന്നും തെറ്റ് ചെയ്യില്ലെന്ന് അമ്മയ്ക്ക് അറിയാമെന്നും കുറിപ്പിലുണ്ട്. ഇതിനു പിന്നിൽ കളിച്ചവരെയെല്ലാം ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പിൽ പറയുന്നു.
































