പാർട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാർഥിയാക്കിയാലും പിന്തുണയ്ക്കുമെന്ന് പി.സി ജോര്‍ജ്. അനിൽ ആന്‍റണിക്ക് പത്തനംതിട്ടയോട് എന്ത് പ്രിയമെന്നും അനിൽ ആന്‍റണിയെ സ്ഥാനാർഥിയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു
കെ.സുരേന്ദ്രനോ, പി.എസ് ശ്രീധരൻപിള്ളയോ പത്തനംതിട്ടയില്‍ മത്സരിക്കാമായിരുന്നെന്നും പി.സി. ജോര്‍ജ്ജ് പ്രതികരിച്ചു. താൻ മത്സരിക്കുകയെന്നത് പ്രവർത്തകരുടെ ആവശ്യമായിരുന്നു.
താഴെക്കിടയിലുള്ള പ്രവർത്തകരുടെ വികാരം മനസിലാക്കി വേണമായിരുന്നു തീരുമാനമെടുക്കാനെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പുമാരും എൻഎസ്എസും തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആ പിന്തുണ അനിൽ ആന്‍റണിക്ക് ലഭിക്കുമോയെന്ന് അറിയില്ലെന്നും പി സി ജോർജ് പ്രതികരിച്ചു.
”പത്ത് പേരെ നിര്‍ത്തി അനിൽ ആന്റണി ആരാണെന്ന് ചോദിച്ചാൽ ആര്‍ക്കും മനസിലാവില്ല, അത് പോയിരുന്ന് പറഞ്ഞ് മനസിലാക്കി ബോധ്യപ്പെടുത്തേണ്ടുന്നത് ഗതികേട് തന്നെയാണ്. ബിഷപ്പുമാര്‍ക്കും എൻഎസ്എസ് നേതൃത്വത്തിനും പിഎസ് ശ്രീധരൻ പിള്ള സ്ഥാനാർഥിയാകണമെന്നായിരുന്നു താത്പര്യം. ആ നിലയ്ക്കുള്ള ഒരു ദുഃഖമേ തനിക്കുള്ളൂ. അവരോടൊക്കെ എന്ത് പറയും? എനിക്ക് വല്ലതും പറയാൻ പറ്റുമോ? പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പിന്തുണക്കും. വെള്ളാപ്പള്ളിയൊക്കെ ഇത്രയും പ്രായമുള്ള മനുഷ്യനാണ്. ഇന്ന് പറയുന്നത് അദ്ദേഹം നാളെ പറയില്ല. നാളെ പറയുന്നത് നാളത്തെ കഴിഞ്ഞ് പറയില്ല. അപ്പോൾ അങ്ങേരെയൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ ഒരു ചേട്ടൻ നമ്മളോട് വൃത്തികേട് എന്തെങ്കിലും ചെയ്താൽ ക്ഷമിച്ചേക്കണം. അല്ലാതെ വെള്ളാപ്പള്ളിയോടൊന്നും മറുപടി പറയാൻ താനില്ല”- അദ്ദേഹം പറഞ്ഞു.
































