പൂക്കോട് വെറ്ററിനറി സർവ്വകലാശാല ബി.വി സയൻസ് വിദ്യാർത്ഥി നെടുമങ്ങാട് കുറക്കോട് പവിത്രത്തിൽ ജയപ്രകാശ് ഷീബ ദമ്പതികളുടെ മകൻ സിദ്ദാർത്ഥിൻ്റെ മരണം തികഞ്ഞ മനുഷ്യാവകാശ ലംഘനത്തിൻ്റെ ഭാഗമാകുന്നു.ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ ഹനിപ്പിക്കുന്ന പ്രവർത്തിയാണ് സിദ്ദാർത്ഥിൻ്റെ മരണത്തിൻ്റെ ഉത്തരവാദികളായി പിടിക്കപ്പെട്ട പ്രതികൾ ചെയ്തിരിക്കുന്നത്.വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മറവിൽ ചെയ്യുന്ന ഇത്തരം ക്രൂരതകൾ പൊതു മനസാക്ഷിക്ക് യോജിച്ചതല്ല.സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ആൾക്കാർക്ക് എതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306 , 323, 324 ,341, 342 തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുകയാണ്.ഗുരുതര ആരോപണങ്ങളുമായി സിദ്ദാർത്ഥിൻ്റെ മാതാപിതാക്കൾ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.സിദ്ദാർത്ഥ് ജീവൻ ഒടുക്കിയതല്ലന്നും ഭക്ഷണം പോലും നൽകാതെ പ്രതികൾ മർദ്ദിച്ചുകൊന്നതാണെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

ഫെബ്രുവരി 18നാണ് കോളേജ് ഹോസ്റ്റലിലെ ശൗചാലത്തിൽ മരിച്ച നിലയിൽ സിദ്ധാർത്ഥിനെ കണ്ടത്. കഴിഞ്ഞ 15 -ാം തീയതി നെടുമങ്ങാട്ടെ വീട്ടിലേക്ക് വരുവാൻ ട്രയിൻ കയറിയിരുന്നു ഇതിനിടെ ഒരു സഹപാഠി ആവിശ്യപ്പെട്ട പ്രകാരം തിരിച്ചു പോയതാണ് സിദ്ധാർത്ഥ്.
സിദ്ദാർത്ഥിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.ഭക്ഷണം പോലും നൽകിയില്ല. പ്രണയ ദിനത്തിൽ സീനിയർ വിദ്യാർഥികളുടെ ഒപ്പം നൃത്തം ചെയ്തത് ഇഷ്ടപ്പെടാത്ത സീനിയർ വിദ്യാർത്ഥികളായ ഇപ്പോൾ പോലീസ് പിടിച്ചിരിക്കുന്ന ആൾക്കാർ സിദ്ദാർഥിനെ അതിക്രൂരമായി മർദ്ദിച്ചു എന്നാണ് സഹപാഠികൾ അറിയിച്ചതെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് പറയുന്നു. സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് യൂണിയൻ ഭാരവാഹികൾ ഉൾപ്പടെ 12 പേർക്കെതിരെയാണ് ബത്തേരി പോലീസ് കേസെടുത്തത്.
വളരെ ശുഭപ്രതീക്ഷയോടുകൂടി മക്കളെ വിദ്യാലയങ്ങളിൽ പറഞ്ഞു വിടുന്ന മാതാപിതാക്കളുടെ കഷ്ടപ്പാടും ത്യാഗവും തിരിച്ചറിയാൻ കഴിയാത്ത ആൾക്കാർ ഏത് ക്രൂര പ്രവർത്തികൾക്കും രാഷ്ട്രീയത്തെ മറയാക്കി എന്തും ഏതും ചെയ്യും. ഒരു രാഷ്ട്രീയ മേലാളന്റെയും മക്കൾ ഇത്തരം കേസുകളിൽ പെടുന്നതുമില്ല. അവർ ലോകത്തിന്റെ വിവിധ ഉന്നത വിദ്യാഭ്യാസ ശാലകളിൽ പഠിച്ച് ഉയരങ്ങളിലേക്ക് പോകുമ്പോൾ സാധാരണപ്പെട്ടവൻ്റെ മക്കളെ കുട്ടി കുരങ്ങന്മാരായി കളിപ്പിച്ച് ജീവിതം കളയിപ്പിക്കുന്ന നേതാക്കന്മാർ ഇനിയെങ്കിലും സാധാരണപ്പെട്ടവൻ്റെ മക്കളെ അവൻ്റെ പ്രതീക്ഷകൾക്ക് ഒത്ത് വളരുവാൻ വിടണം. അതോടൊപ്പം വേട്ടയാടലിന് വിധിക്കപ്പെട്ട് ജീവിതം പൊലിഞ്ഞ സിദ്ദാർഥിൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കുകയും വേണം.

































