തിരുവല്ല: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ടാറ്റൂ ആർട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളുമടക്കം നാലുപേർ പിടിയിൽ. എറണാകുളത്തെ ബ്യൂട്ടി പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന ചെങ്ങന്നൂർ വനവാതുക്കര സുജാലയത്തിൽ അഭിനവ് (19), പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകുന്നതിന് സഹായം ചെയ്ത കോട്ടയം മണിമല ചേനപ്പാടി കാരക്കുന്നേൽ വീട്ടിൽ അനന്തു എസ്. നായർ (22), കോട്ടയം ചേനപ്പാടി പള്ളിക്കുന്നിൽ വീട്ടിൽ സച്ചിൻ (24), മണിമല ചേനപ്പാടി വേലു പറമ്പിൽ വീട്ടിൽ അനീഷ്. ടി. ബെന്നി (25) എന്നിവരാണ് പിടിയിലായത്.
കടപ്ര സ്വദേശിനിയായ പെൺകുട്ടിയെ ഒന്നാം പ്രതി അഭിനവിന്റെ വനവാതുക്കരയിലെ വീട്ടിലും എരുമേലിയിലെ ബന്ധുവീടുകളിലുമെത്തിച്ച് പീഡിപ്പിച്ച് വരികയായിരുന്നു. ബുധനാഴ്ച രാവിലെ മാന്നാറിലേക്ക് പോയ പെൺകുട്ടിയെ പ്രതികൾ അവിടെ നിന്ന് വിളിച്ചുകൊണ്ടുപോയി. രാത്രി ഏറെ വൈകിയും പെൺകുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് രക്ഷാകർത്താക്കൾ പുളിക്കീഴ് പൊലീസിൽ പരാതി നൽകി.അന്വേഷണത്തിൽ വനവാതുക്കരയിലെ വീട്ടിൽ നിന്ന് പെൺകുട്ടിയെയും അഭിനവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.































