കാസർകോട് മഞ്ചേശ്വരത്ത് വിവാഹത്തിൽനിന്നു പിന്മാറിയതിന് യുവതിയെ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. സംഭവത്തിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന് പ്രതി വയനാട് വൈത്തിരി ചൂണ്ടേലിലെ ശിവകുമാറിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ടുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മഞ്ചേശ്വരം ഉദ്യവർഗുത്തുവിലെ പരേതനായ കൊറഗപ്പയുടെ വീടിനു നേരെയാണ് കഴിഞ്ഞ 24ന് ആക്രമണമുണ്ടായത്.കൊറഗപ്പയുടെ മകളുമായുള്ള ശിവകുമാറിന്റെ വിവാഹം രണ്ടുമാസം മുൻപ നിശ്ചയിച്ചതായിരുന്നു. ഇതിൽനിന്ന് യുവതി പിന്മാറിയിരുന്നു.
കോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
പത്തനംതിട്ട കോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ 2 യുവാക്കൾ അറസ്റ്റിൽ. ഇലന്തൂർ സ്വദേശികളായ സന്ദീപ്, ഇയാളുടെ സുഹൃത്ത് ആരോമൽ എന്നിവരാണ് പിടിയിലായത്. യുവാവും സുഹൃത്തും ചേർന്ന് സിനിമാ സ്റ്റൈലിലാണ് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന ബന്ധു കാറിൻ്റെ മുന്നിൽ കയറി തടയാൻ ശ്രമിച്ചെങ്കിലും ഇയാളെ ഇടിച്ച് തെറിപ്പിച്ച് കാർ മുന്നോട്ടുപോവുകയായിരുന്നു.
കാർ 100 മീറ്ററോളം മുന്നോട്ട് ഓടിച്ചുപോയെങ്കിലും നാട്ടുകാർ ഇടപെട്ട് തടഞ്ഞുനിർത്തി. തുടർന്ന് യുവാക്കളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സന്ദീപും പെൺകുട്ടിയും തമ്മിൽ ഏറെക്കാലമായി പരിചയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇരുവരും തെറ്റിപ്പിരിയുകയായിരുന്നു.യുവാക്കൾക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
































