മാവേലിക്കര : പീഡന കേസിൽ പ്രതിയായ പാസ്റ്റർ ഒടുവിൽ അറസ്റ്റിൽ.ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെൻ്റർ, മാവേലിക്കര ലോക്കൽ ചർച്ചിലെ പാസ്റ്ററായിരുന്ന പുനലൂർ സ്വദേശി സജിപാസ്റ്റർ എന്നു വിളിക്കുന്ന സജി എബ്രഹാമിനെയാണ് (64) മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376,506 വകുപ്പുകൾ പ്രകാരമായിരുന്നു ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നത്.കുട്ടനാട് സ്വദേശിയായ അതിജീവിതയുടെ പരാതിയെ തുടർന്നാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്.മാവേലിക്കര മറ്റത്തുള്ള IPC സഭയുടെ ചർച്ചിന് സമീപത്തെ ഒരു വീട്ടിൽ വീട്ടുജോലിയിൽ ഏർപ്പെട്ടിരുന്ന അതിജീവിത വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സമയത്ത് ഈ വീട്ടിലെ നിത്യ സന്ദർശകൻ കൂടിയായ പാസ്റ്റർ പീഡിപ്പിച്ചതായി ആയിരുന്നു പരാതി.മാവേലിക്കര മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് അതിജീവിതയെ ഹാജറാക്കി മജിസ്ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുവാൻ പോലീസ് തയ്യാറാകാത്തതിന്നെ തുടർന്ന് അതിജീവിത ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകുകയും
ഇതിനും നടപടി ഉണ്ടാകാത്തതിനാൽ അഡ്വ: കെ.രാജേഷ് കണ്ണൻ മുഖേന ഹൈക്കോടതിയിൽ ഹർജി നൽകുകയും കോടതി രണ്ടാഴ്ചക്കുള്ളിൽ വിശദമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കുവാൻ മാവേലിക്കര പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു.എന്നാൽ പ്രതി ഒളിവിൽ പോകുകയും മൊബൈൽ ഫോണും മറ്റും ഓഫാക്കി വെച്ചതിനാൽ ഇയാളെ പിൻതുടർന്നു പിടിക്കുവാൻ പോലിസിനു സാധിച്ചില്ലായിരുന്നു.പുതിയതായി എത്തിയ പോലീസ് ഇൻസ്പെക്ടരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടാൻ കഴിഞ്ഞത്.
പരാതി അടിസ്ഥാനപരമാകുന്ന കാര്യം നടന്നത് കഴിഞ്ഞ ഡിസംബർ 14-ാം തീയതി ആയിരുന്നു.
ഈ വിവരം വെളിയിൽ പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയതായി അതിജീവിത നൽകിയിരുന്ന പരാതിയിൽ പറയുന്നു.ഇയാളുടെ ഭീഷണി കാരണം വിവരം പുറത്തു പറയുവാനോ പരാതി നൽകുവാനോ അതിജീവിത ആദ്യം തയ്യാറായില്ല.
പിന്നീട് ഭർത്താവിനോട് വിവരങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത പോലീസിൽ പരാതി നൽകിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

































