പുനലൂർ: തീവണ്ടിയാത്രയ്ക്കിടെ വയോദികദമ്പതിമാരുടെ 14 പവൻ മോഷ്ടിച്ച് തമിഴ്‌നാട് സ്വദേശി പിടിയിൽ. 14 പവൻ സ്വർണമടങ്ങിയ ബാഗ് മോഷ്ടിച്ച സംഭവത്തിൽ തമിഴ്‌നാട്ടിലെ ചെങ്കോട്ട സ്വദേശി കണ്ണനാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇയാൾ പിടിയിലായത്. പുനലൂർ റെയിൽവേ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
തിരുനെൽവേലിയിൽനിന്ന് പാലക്കാട്ടേക്ക് പോയിരുന്ന പാലരുവി എക്സ്പ്രസിൽ ഇക്കഴിഞ്ഞ രണ്ടാംതീയതി പുലർച്ചെയായിരുന്നു മോഷണം. തിരുനെൽവേലിക്കടുത്ത് ചേരമഹാൻദേവി സ്‌റ്റേഷനിൽനിന്ന് തീവണ്ടിയിൽ കയറിയ ദമ്പതിമാർ എറണാകുളത്തേക്ക് പോകുകയായിരുന്നു.
യാത്രക്കിടെ ഉറങ്ങിപ്പോയ ഇവർ തെന്മല പിന്നിടുമ്പോൾ ഉണർന്ന് പരിശോധിക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരമറിഞ്ഞത്. തുടർന്ന് ഇവർ പുനലൂരിലിറങ്ങി റെയിൽവേ പോലീസിൽ പരാതി നൽകി.
പോലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടങ്ങി. തീവണ്ടിയിൽ യാത്രചെയ്തവരുമായി കൂടിക്കാഴ്ചയുൾപ്പടെ നടത്തിയാണ് പ്രതിയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് പ്രതിയെ കഴിഞ്ഞദിവസം തെന്മലയിൽ നിന്നും പിടികൂടുകയായിരുന്നു.
ബസിലും മറ്റും തുളസിത്തൈലം വിൽക്കുന്നയാളാണ് പ്രതിയെന്നും ചെങ്കോട്ടയിലെ ഇയാളുടെ വീട്ടിൽനിന്നും തൊണ്ടിമുതൽ കണ്ടെടുത്തെന്നും റെയിൽവേ പോലീസ് അറിയിച്ചു.































