ഒന്നര വയസ്സുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മാതാവ് അറസ്റ്റിൽ. മാന്നാർ കുട്ടമ്പേരൂർ ചാങ്ങയിൽ ജങ്ഷനു സമീപം എളവ അക്ബർ മൻസിൽ അനീഷ ഇസ്മായിലാണ് (32) അറസ്റ്റിലായത്. കുഞ്ഞിന്റെ സംരക്ഷണത്തിന് സഹായിക്കാത്ത ഭർത്താവിനെ ഭീഷണിപ്പെടുത്താൻ ചിത്രീകരിച്ച് അയച്ചുകൊടുത്ത വിഡിയോയാണ് യുവതിക്ക് കെണിയായത്. മർദനത്തിന്റെ ദൃശ്യം വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് അനീഷയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
അനീഷയുടെ ഭർത്താവ് തിരുവനന്തപുരം വാമനപുരം സ്വദേശി നജീബുദ്ദീനിൽ (43) ഉണ്ടായ കുഞ്ഞിനെയാണ് മർദിച്ചത്. ഇത് ചിത്രീകരിച്ച് വിദേശത്തുള്ള നജീബുദ്ദീന് അയച്ചു കൊടുത്തു.
അനീഷക്ക് മറ്റൊരു ഭർത്താവിൽ ആറു വയസ്സുള്ള ആൺകുട്ടി കൂടിയുണ്ട്. നജീബുദ്ദീൻ വിവാഹ തട്ടിപ്പുകാരനാണെന്നും നാല് വിവാഹം ചെയ്തിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. തന്നെയും മകനെയും അന്വേഷിക്കുന്നില്ലെന്നും നാലാമതും ഇയാൾ മറ്റൊരു ബന്ധത്തിലേക്ക് പോകുന്നതായും മനസ്സിലാക്കി അനീഷ കഴിഞ്ഞ ഡിസംബറിൽ മാന്നാറിലെ കുടുംബവീട്ടിലേക്ക് മടങ്ങിവരുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമീഷൻ, ജില്ല പൊലീസ് മേധാവി, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
































