തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീട്ടിലെത്തിയ വാർഡ് മെംബറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ച 46കാരൻ അറസ്റ്റിൽ. ആറ്റിങ്ങലിലെ മുദാക്കൽ പഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് മെംബർ ഊരുപൊയ്ക ബിജുവിന്റെ ദേഹത്താണ് കഞ്ഞിയൊഴിച്ചത്. ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടിൽ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു
നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ് ബിജു. ഞായറാഴ്ച രാവിലെയാണ് സംഭവം. മുദാക്കൽ പഞ്ചായത്തിലെ സിപിഎം പ്രതിനിധിയാണ് ബിജു. എൽഡിഎഫ് സ്ഥാനാർഥിയായ വി. ജോയിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് സജിയുടെ വീട്ടിൽ ബിജു എത്തിയത്.
































