വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിലായി.
തൃശ്ശൂർ കേച്ചേരി ചിറനല്ലൂർ പ്രദീപ് വിഹാറിൽ മുഹമ്മദ് ആഷിഖിനെ(51) ആണ് തമിഴ്നാട് സേലത്തുനിന്ന് പുന്നപ്ര പോലീസ് പിടികൂടിയത്.
സ്ഥാപനത്തിൻ്റെ എം ഡി ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഉദ്യോഗാർത്ഥികൾക്ക് ഓഫർ ലെറ്റർ നൽകിയശേഷം ഇവരിൽ നിന്നും പണം കൈപ്പറ്റി വിദേശത്ത് എത്തിച്ച് ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു.

2022 ഓഗസ്റ്റ് മാസം മുതൽ നവംബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.ആലപ്പുഴ ജില്ലയിൽ നൂറോളം പരാതികളാണ് വിവിധ സ്റ്റേഷനുകളിലായി ലഭിച്ചിരുന്നത്.
തട്ടിപ്പ് രീതി ഇങ്ങനെ
അമീർ മുസ്തഫ എന്ന വ്യാജ പേരിൽ വിദേശ നമ്പറിലുള്ള വാട്സ്ആപ്പ് വഴി ഉദ്യോഗാർഥികളെ ബന്ധപ്പെടുന്ന പ്രതി കമ്പനിയുടെ മാനേജിങ് ഡയറക്ടറാണെന്ന് പറഞ്ഞ് പരിചയപ്പെടും. ഇതിനായി പ്രതി വിദേശ സിം കൈവശം സൂക്ഷിച്ചിരുന്നു. ജസ്റ്റ് ഡയൽ പോലുള്ള ആപ്പ് ഉപയോഗിച്ച് വെബ്സൈറ്റ് വിദഗ്ധരുടെ ഫോൺ നമ്പർ കൈവശപ്പെടുത്തി പരിചയം സ്ഥാപിച്ച ശേഷം അവരുടെ സഹായത്തോടെ ഫാക്ടറിയുടെതെന്ന് തോന്നിക്കുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കി വ്യാജ വിലാസവും ഫോൺ നമ്പറുകളും നൽകിയും ഫേസ്ബുക്ക് പേജുകൾ ക്രിയേറ്റ് ചെയ്തും ഗൂഗിൾ മാപ്പുകളിൽ ലൊക്കേഷൻ ആഡ് ചെയ്ത് റിവ്യൂ ചെയ്തുമാണ് ഉദ്യോഗാർഥികളുടെ വിശ്വാസ്യത നേടിയത്.
നാട്ടുകാരായ പലർക്കും കമ്പനിയിൽ ഉന്നത ജോലി വാഗ്ദാനം ചെയ്ത പ്രതി ഇവർ മുഖേനയാണ് തട്ടിപ്പ് നിയന്ത്രിച്ചിരുന്നത്. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള പ്രതിയുടെ തട്ടിപ്പ് രീതി പ്രൊഫഷണൽ കുറ്റവാളികളെ പോലും വെല്ലുന്ന തരത്തിലായിരുന്നു. തട്ടിപ്പിന് മുമ്പായി പ്രതി യൂട്യൂബ് വീഡിയോസിന്റെ സഹായത്താൽ പോലീസിൽ നിന്ന് രക്ഷപ്പെടുവാനുള്ള വഴികളും മനസ്സിലാക്കിയിരുന്നു. വിദേശത്ത് പോയി ജോലി ചെയ്ത അനുഭവപരിചയവും തട്ടിപ്പിന് ഉപയോഗപ്പെടുത്തി.
സഹായികൾ വഴിയാണ് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം കൈപ്പറ്റിയത്. തെളിവുകൾ ഇല്ലാതിരിക്കാൻ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിരുന്നില്ല. വിദഗ്ധ സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന സേലത്തെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. കോഴിക്കോട്, ചെന്നൈ,മാങ്ങാട്, ബാംഗ്ലൂർ കൊരമംഗല ഭാഗത്തും ഇയാൾ താമസിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
അൽ മുർത്തസ എന്ന ഹൈപ്പർ മാർക്കറ്റിന്റെ പേരിൽ തട്ടിപ്പ് നടത്താനായി ഇയാൾ നീക്കം ആരംഭിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. പേൾസ് ഗ്രൂപ്പ് ഹോട്ടൽ,അൽഹദീർ ഹൈപ്പർ മാർക്കറ്റ് എന്നീ പല സ്ഥാപനങ്ങളുടെയും പേര് ഉപയോഗിച്ച് പലതരത്തിലുള്ള തട്ടിപ്പു നടത്തിയിട്ടുള്ളതായും സംശയമുണ്ട്. ഇയാൾക്കെതിരെ പുന്നപ്ര പോലീസ് സ്റ്റേഷനിൽ ആറോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏഴോളം പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സഹായികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
ഇൻസ്പെക്ടർ നിർമ്മൽ ബോസിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി എൽ ആനന്ദ്, അസി.സബ് ഇൻസ്പെക്ടർ അനസ്,സീനിയർ സി പി ഒമാരായ ഹരി,അജിത്ത്, സി പി ഒമാരായ വിനിൽ, സിദ്ധിഖ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്

































