നൂറ്റവന്‍പാറയിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും വീണു യുവതിക്ക് ഗുരുതര പരിക്ക്ചെങ്ങന്നൂര് തിട്ടമേല്‍ കല്ലുമഠത്തില്‍ ജനാര്‍ദ്ദനന്റെ മകള്‍ പൂജ (19) യ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൂജയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ (17) വൈകിട്ട് 5 മണിയോടെയാണ് സംഭവം.സുഹുത്തുക്കള്‍ക്കൊപ്പം നൂറ്റവന്‍പാറ കാണുന്നതിനായി എത്തിയതാണ് യുവതി. വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്നും പാറയ്ക്ക് മുകളിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.യുവതിക്കൊപ്പം ഉണ്ടായിരുന്ന കുട്ടി വിവരം വന്നു പറഞ്ഞതോടെ സമീപത്തെ വീട്ടില്‍ യോഗം നടത്തുയായിരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ ഓടിയെത്തി.
തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ 108 ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികില്‍സ നല്കിയ ശേഷം ഉടന്‍ തന്നെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ ബോധം തെളിഞ്ഞുവെങ്കിലും കൂടുതലായി ഒന്നും സംസാരിക്കാന്‍ കഴിയുന്നില്ല. കൂടുതല്‍ വിദഗ്ധ പരിശോധ നടക്കും.മാവേലിക്കരയില്‍ ലാബ് ടെക്നീഷ്യന് കോഴ്സിന്് പഠിക്കുന്ന പൂജ ഏക മകളാണ്. വീട്ടിലാരും അറിയാതെ സുഹൃത്തുകള്‍ക്കൊപ്പം നൂറ്റവന്‍പാറയില്‍ നിന്നുള്ള ദൃശ്യഭംഗി കാണാന്‍ എത്തിയതായിരുന്നു.
നൂറ്റവന്‍പാറയില്‍ അപകടം കാത്തിരിക്കുന്നു
സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും ഇല്ല
ചെങ്ങന്നൂര്‍ നഗരത്തിന് സമീപമുള്ള എറ്റവും ഉയര്‍ന്ന സ്ഥലത്താണ് നൂറ്റവന്‍പാറ സ്ഥിതി ചെയ്യുന്നത്.നിരവധി വിദ്യാര്‍ഥികളും മറ്റും സന്ദര്‍ശകരായി എത്തുന്ന ഉയരം കൂടിയ നൂറ്റവന്‍പാറയില്‍ യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും ബന്ധപ്പെട്ടവര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
നൂറ്റവന്‍പാറയുടെ തെക്കുഭാഗം അഗാധഗര്‍ത്തമാണ്. കിഴക്കും പടിഞ്ഞാറും എല്ലാം തന്നെ വളരെയേറെ താഴ്ന്ന പാറക്കെട്ടുകളാണ്. വടക്കു നിന്നും കിഴക്കു നിന്നും എത്തുന്ന സന്ദര്‍ശകര്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് പാറയുടെയും വാട്ടര്‍ ടാങ്കിന്റെയും മുകളിലൂടെ നടക്കുന്നത്.
എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാവുന്ന ഇവിടെ സന്ദര്‍ശകര്‍ക്കായി സംരക്ഷണ വേലികള്‍ ഒന്നും തന്നെ ഇതുവരെ നിര്‍മ്മിച്ചിട്ടില്ല.
പാറയ്ക്ക് മുകളിലെത്തുന്ന സന്ദര്‍ശകര്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറാതെയും ടാങ്കിന് ചുറ്റും അപകടകരമായ രീതിയില്‍ നടക്കാന്‍ കഴിയാത്ത വിധത്തിലും സുരക്ഷിതമായ പ്രത്യേക സ്ഥലത്ത് മാത്രമായി ഇരുമ്പു പൈപ്പുകള്‍ ഉപയോഗിച്ച് സംരക്ഷണ വേലികള്‍ നിര്‍മ്മിക്കണം
പാറയ്ക്ക് മുകളിലേക്ക് കയറുന്നവര്‍ക്ക് പ്രവേശനം ഒരു വശത്ത് കൂടി മാത്രമാക്കുകയും മുകളിലെ സുരക്ഷിതമായ സംരക്ഷണ വേലികള്‍ക്ക് ഉള്ളില്‍ നിന്ന് പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ഏര്ത്തുകയുമാണ് അധികാരികള്‍ ചെയ്യേണ്ടത്.
മദ്യവും മയക്കുമരുന്നും അനാശാസ്യ പ്രവര്‍ത്തനവും
കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്നാണ് ഇവിടെ എത്തുന്നത്. യുവതി-യുവാക്കള്‍ സല്ലപിക്കാനുള്ള ഇടമാക്കി നൂറ്റവന്പാറയെ മാറ്റിയതോടെ അയല്‍വാസികള്‍ക്കും തലവേദനയായി.
സന്ധ്യകഴിഞ്ഞാലും ഇവരുടെ സന്ദര്‍ശനം കഴിയാറില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. മദ്യവും മയക്കുമരുന്നും വരെ ഉപയോഗിക്കാനുള്ള കേന്ദ്രമാക്കി ഇവിടെ മാറി കഴിഞ്ഞു. നാട്ടുകാര്‍ ചോദ്യം ചെയ്താല്‍ ഇക്കൂട്ടര്‍ അവര്‍ക്കെതിരെ അസഭ്യം പറച്ചിലുമായി തിരിയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സന്ദര്‍ശനത്തിന്റെ മറവില്‍ പലരും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ വരെ നടത്തുന്നതായും പറയുന്നു. ഇതിനെയൊക്കെ എതിര്‍ക്കാന്‍ സാധാരണക്കാരായ നാട്ടുകാര്‍ക്ക് കഴിയാതെ വരുന്നു.
ഗതികെട്ട നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയും അവരെത്തി ഇക്കൂട്ടരെ ഇറക്കി വിടുന്നതും നിത്യസംഭവമാണ്. പലപ്പോഴും വനിതാ പോലീസ് ഉള്‍പ്പടെ എത്തുമെങ്കിലും നൂറ്റവന്‍പാറ മദ്യം-മയക്കുമരുന്ന് ഉപയോഗവും അനാശാസ്യ പ്രവര്‍ത്തനവും നടത്തുന്ന സന്ദര്‍ശകരുടെ പിടിയിലാണ്.
ഇത്തരം സമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കാന്‍ യാതൊരു സര്‍ക്കാര്‍ സംവിധാനവും ഇവിടെയില്ല.ഗ്രാമസഭകളില്‍ പലപ്രാവശ്യം ഇവിടുത്തെ വിഷയങ്ങള്‍ ഉന്നയിച്ചങ്കെിലും ഇതൊന്നും പുലിയൂര് പഞ്ചായത്ത് അധികാരികള്‍ കേട്ട ഭാവം പോലും നടിച്ചില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.
































